ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
Tuesday, September 17, 2024 7:36 PM IST
ആലപ്പുഴ: ചെങ്ങന്നൂർ - ഇറപ്പുഴ ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തെ തുടർന്ന് ഫൈനൽ മത്സരം ഉപേക്ഷിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ നടത്തിയ ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരത്തിലായിരുന്നു സംഭവം. മുതവഴി, കോടിയാട്ടുകര പള്ളിയോടങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. പിന്നാലെ മുതവഴി പള്ളിയോടത്തിലെ തുഴച്ചിൽക്കാരനായ വിഷ്ണുദാസിനെ കാണാതായിരുന്നു.
തുടർന്ന് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് വിഷ്ണുദാസിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. ഇതോടെ ജലോത്സവം ഫൈനൽ മത്സരം ഉപേക്ഷിക്കുകയായിരുന്നു.