അനധികൃത സ്വത്ത് സമ്പാദനം; സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരേ നടപടി സാധ്യത
Tuesday, September 26, 2023 7:48 PM IST
പത്തനംതിട്ട: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികളില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനെതിരേ പാര്‍ട്ടിയില്‍ നടപടി വന്നേക്കും. ജില്ലാ സെക്രട്ടറി സ്ഥാനത്തു ജയനു തുടരാനാകുമോയെന്നതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകമാകും. ഇന്നും ബുധനാഴ്ചയുമായി ചേരുന്ന സംസ്ഥാന സംസ്ഥാന കൗണ്‍സിലില്‍ ഇതു സംബന്ധിച്ച തീരമാനം ഉണ്ടായേക്കും.
പാർട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയാണ് ജയന്. വിഷയത്തിൽ ജയനോട് വിശദീകരണം തേടാന്‍ സംസ്ഥാന നിര്‍വാഹകസമിതിയോഗം തീരുമാനിച്ചിരുന്നു. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടില്‍ ജയന്റെ അനധികൃത സ്വത്ത് സമ്പാദനം സമ്പാദിച്ച പരാമര്‍ശങ്ങളുള്ളതാണ് നടപടിക്കു സാധ്യതയേറുന്നത്.
അടൂരില്‍ വീടിനു സമീപം ആറു കോടി രൂപയുടെ ഫാം സ്വന്തമാക്കിയത് ഉള്‍പ്പെടെയുള്ള പരാതികളാണ് ജയനെതിരേ ഉയര്‍ന്നത്. പാര്‍ട്ടിയുടെ യുവജനവിഭാഗം നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായി ശ്രീനാദേവി കുഞ്ഞമ്മയാണ് ഇതു സംബന്ധിച്ച് ആദ്യ പരാതി സംസ്ഥാന നേതൃത്വത്തിനു നല്‍കിയത്.
പാര്‍ട്ടി സമ്മേളനത്തിനു മുമ്പുതന്നെ പരാതി നല്‍കിയിരുന്നുവെങ്കിലും പരിഗണിച്ചിരുന്നില്ല. ജയന് മൂന്നാം തവണയും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ പരാതി സംസ്ഥാന സെക്രട്ടറിക്കു നേരിട്ടു നല്കി.
തുടര്‍ന്ന് സംസ്ഥാന നിര്‍വാഹകസമിതിയംഗം കെ.കെ. അഷറഫിനെ ഇത് അന്വേഷിക്കാന്‍ നിയോഗിച്ചു. അഷറഫുമായി ജയന് നടത്തിയ ഫോണ്‍ സംഭാഷണം ഇതിനിടെ പുറത്തുവരികയും ചെയ്തു.
ജയനെതിരേ റിപ്പോര്‍ട്ടില്‍ ഒന്നുമുണ്ടാകില്ലെന്ന സൂചനയാണ് അഷറഫ് നല്‍കിയതെങ്കിലും പിന്നീട് സംസ്ഥാന നിര്‍വാഹകസമിതി ഇതു പരിശോധിച്ച് അഷറഫിനെ കൂടാതെ മൂന്നുപേരെക്കൂടി ഉള്‍പ്പെടുത്തി കമ്മീഷൻ വിപുലീകരിച്ചു.
കമ്മീഷന്റെ കണ്ടെത്തലുകളില്‍ ജയനെതിരേ പരാമര്‍ശങ്ങളുണ്ട്. മരുമകന്റെ പേരിലുള്ള ഫാമാണെന്നാണ് ജയന്റെ വിശദീകരണം. ആറുകോടി രൂപയുടെ മുതല്‍മുടക്ക് ഇതില്‍ ഇല്ലെന്നും പറയുന്നു.
ഫാം ആരംഭിച്ചതു പാര്‍ട്ടിയുടെ അറിവോടെയാണെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്. 78 ലക്ഷം രൂപയുടെ ഫാം ആണ് പരാതിക്കിടെ നല്‍കിയിട്ടുള്ളതെന്നും ഇതില്‍ ആറുപേരുടെ പങ്കാളിത്തമുണ്ടെന്നും പറയുന്നുമാണ് ജയന്റെ വിശദീകരണം.