ബംഗാൾ ഗവർണർക്കെതിരായ പരാതി; അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് ജീവനക്കാരോട് ഗവര്‍ണര്‍
Sunday, May 5, 2024 6:55 PM IST
കോൽക്കത്ത: തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് പശ്ചിമ ബംഗാൾ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാജ്ഭവൻ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ജീവനക്കാർക്ക് കത്ത് നൽകി. ഗവർണ്ണർക്കെതിരെ ക്രിമിനൽ നടപടി പാടില്ലെന്നാണ് ചട്ടമെന്ന് ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു.
ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ രാജ്ഭവൻ ജീവനക്കാർക്ക് ബംഗാൾ പോലീസ് വീണ്ടും നോട്ടീസ് അയച്ചിരുന്നു. മൂന്ന് ജീവനക്കാർക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്.
ഇവരോട് തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദേശിച്ചിട്ടുള്ളത്. ഉദ്യാഗസ്ഥരോട് ശനിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് അയച്ചിരുന്നെങ്കിലും ആരും ഹാജരായിരുന്നില്ല. പിന്നാലെയാണ് വീണ്ടും പോലീസ് നോട്ടീസ് അയച്ചത്.
എന്നാൽ തനിക്കെതിരേ രാജ്ഭവൻ ജീവനക്കാരി നൽകിയ പരാതി അടിസ്ഥാനരഹിതമാമെന്നാണ് ഗവർണറുടെ നിലപാട്. ഗുണ്ടാ രാജ് തടഞ്ഞതിലെ പ്രതികാരത്താലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിരട്ടൽ വിലപോകില്ലെന്നും ഗവർണർ പ്രതികരിച്ചിരുന്നു.