തൃപ്പൂണിത്തുറയിലെ ആനയെഴുന്നള്ളിപ്പ്; ദേവസ്വം ഓഫീസർക്കെതിരെ കോടതിയലക്ഷ്യ നടപടി
Wednesday, December 11, 2024 5:56 PM IST
കൊച്ചി: തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രോത്സവത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ആനകളെ എഴുന്നള്ളിച്ചതില്‍ ദേവസ്വം ഓഫീസറുടെ സത്യവാംഗ്മൂലം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ദേവസ്വം ഓഫീസര്‍ രഘുരാമനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികളും സ്വീകരിച്ചു.
തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രോത്സവത്തില്‍ കോടതി ഉത്തരവിന്റെ സമ്പൂര്‍ണ ലംഘനമാണുണ്ടായതെന്നു വിലയിരുത്തിയ ഡിവിഷന് ബെഞ്ചാണ് തൃപ്പൂണിത്തുറ ദേവസ്വം ഓഫീസര്‍ രഘുരാമനില്നിന്നു വിശദീകരണം തേടിയത്.
കോടതിവിധിയെ ധിക്കരിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും മഴ പെയ്തപ്പോള്‍ തെക്കും വടക്കുമായി നിന്ന ആനകളെ പന്തലിലേക്ക് മാറ്റി നിര്‍ത്തുകമാത്രമാണ് ചെയ്തതെന്നുമാണ് സത്യവാംഗ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്.
ഇത് പരിഗണിച്ച കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ധിക്കരിക്കാന്‍ ആരാണ് പറഞ്ഞതെന്നും ചോദിച്ചു. കോടതി ഉത്തരവ് ലംഘിച്ച് ചില ഭക്തര്‍ പറയുന്നതുപോലെയാണോ ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു.
നിങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നും പിന്നില്‍ ആളില്ലാതെ നിങ്ങള്‍ക്കിങ്ങനെ ചെയ്യാന്‍ കഴിയില്ലല്ലോയെന്നും കോടതി ചോദിച്ചു. തുടർന്ന് കോടതിയലക്ഷ്യത്തിന് ദേവസ്വം ഓഫീസര്‍ക്കെതിരെ നോട്ടീസും അയച്ചു. കേസ് ജനുവരി മൂന്നിന് വീണ്ടും പരിഗണിക്കും.