പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
Thursday, April 25, 2024 7:02 PM IST
കോട്ടയം: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിൽ ഞെട്ടിത്തരിച്ച് സിപിഎം.
വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ശോഭയുടെ വെളിപ്പെടുത്തൽ തള്ളാനു കൊള്ളാനും കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് പാർട്ടി. വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ ഹാജരാക്കിയതാണ് സിപിഎമ്മിന് കനത്ത പ്രഹരമായത്.
ഡൽഹിയിൽ വച്ച് നടത്തിയ ചർച്ചയിൽ പങ്കെടുക്കാനുള്ള വിമാനടിക്കറ്റും ഇ.പിയുടെ മകൻ അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളും ശോഭ പുറത്തുവിട്ടതോടെ സിപിഎം നേതൃത്വം പ്രതിരോധത്തിലായി. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയും തെരഞ്ഞെടുപ്പിൽ മുഖ്യപ്രചാരണ വിഷയമാക്കി നിൽക്കുന്പോഴാണ് വെള്ളിടി പോലെ പുതിയ സംഭവവികാസങ്ങൾ ഉണ്ടായത്.
കോൺഗ്രസിന് വോട്ട് ചെയ്താൽ ബിജെപിക്ക് ചെയ്യുന്നതിന് തുല്യമാണെന്നും ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാണെന്നുമായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിലെ സിപിഎമ്മിന്റെ പ്രധാന ആയുധം. എന്നാൽ സിപിഎം നേതൃത്വത്തിൽ രണ്ടാമൻ എന്ന് വിശേഷിപ്പിക്കുന്ന ഇ.പി തന്നെ ബിജെപിയുമായി ചർച്ച നടത്തിയെന്ന വാർത്ത ഫലത്തിൽ സിപിഎമ്മിന് ബൂംമറാംഗ് ആയി മാറിയിരിക്കുകയാണ്.
മട്ടന്നൂർ എംഎൽഎ ആയിരുന്ന ഇ.പിക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ പാർട്ടി സീറ്റ് നിഷേധിച്ചതു മുതൽ അദ്ദേഹം പാർട്ടിയുമായി ശീതസമരത്തിലായിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനം മോഹിച്ചിരുന്ന ഇ.പിക്ക് അത് ലഭിക്കാതെ വന്നതോടെ സജീവ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുമെന്നും പ്രചാരണമുണ്ടായിരുന്നു.
തുടർന്നാണ് എൽഡിഎഫ് കൺവീനർ സ്ഥാനം പാർട്ടി അദ്ദേഹത്തിന് നൽകിയത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുക്കാതെ ദല്ലാൾ നന്ദകുമാറിന്റെ അമ്മയുടെ ജന്മദിനാഘോഷത്തിൽ ഇ.പി പങ്കെടുത്തത് വൻ വിവാദമായിരുന്നു.