വിനോദയാത്രയ്ക്കിടെ കോളജ് വിദ്യാർഥികളുടെ മദ്യം കടത്ത്; എക്സൈസ് കേസെടുത്തു
Friday, September 22, 2023 6:42 PM IST
കൊച്ചി: ഗോവയിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ കോളജ് വിദ്യാർഥികളുടെ ബസിൽ നിന്നും 40 കുപ്പി വിദേശമദ്യം പിടിച്ച സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. ടൂറിസ്റ്റ് ബസ് ജീവനക്കാർ ഉൾപ്പടെ നാല് പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
ഇന്ന് രാവിലെ എറണാകുളം ഇടപ്പള്ളിയിൽ വച്ചാണ് കൊല്ലം കൊട്ടിയത്തെ ടീച്ചേഴ്സ് ട്രെയിനിംഗ് കോളജിലെ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസിൽ നിന്നും വലിയതോതിൽ മദ്യം കണ്ടെത്തിയത്. എക്സൈസ് സംഘത്തിന്റെ സാധാരണയുള്ള വാഹന പരിശോധനയ്ക്കിടെയാണ് മദ്യം പിടിച്ചത്.
ഗോവയിൽ നിന്നും ലഭ്യമാകുന്ന വില കുറഞ്ഞ മദ്യം സംഘം വാങ്ങിച്ച് ബസിനുള്ളിൽ വച്ച് കൊണ്ടുവരുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത നാല് പേരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.