സംസ്ഥാനത്ത് ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും: ആരോഗ്യമന്ത്രി
Thursday, June 1, 2023 12:46 AM IST
തിരുവനന്തപുരം: മഴക്കാലം മുന്നിൽ കണ്ട് സംസ്ഥാനത്ത് ജൂൺ രണ്ട് മുതൽ പ്രത്യേകമായി ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രികൾ മുതലായിരിക്കും ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുക. ഇതുകൂടാതെ ഫീവർ വാർഡുകളും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജൂൺ ഒന്ന്, രണ്ട് തീയതികളിൽ മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഇവ ഉറപ്പ് വരുത്തണം. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.