ഗുസ്തി താരങ്ങളുടെ പ്രതിഷേധം: ഇന്ന് ഖാപ് പഞ്ചായത്ത്
Thursday, June 1, 2023 11:30 AM IST
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ വ്യാഴാഴ്ച ഖാപ് പഞ്ചായത്ത് ചേരും. മുസാഫര്‍നഗറിലെ സോറം ഗ്രാമത്തിലാണ് ഖാപ് പഞ്ചായത്ത് ചേരുക.
ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരായ താരങ്ങളുടെ സമരം മുന്നില്‍ നിന്ന് നയിക്കാന്‍ ആണ് കര്‍ഷക സംഘടനകളുടെ തീരുമാനം. സമരത്തില്‍ പിന്തുണയുമായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും ഭാരതീയ കിസാന്‍ യൂണിയനും രംഗത്തുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും കര്‍ഷകസംഘടനകളും ഖാപ് മഹാ പഞ്ചായത്തില്‍ പങ്കെടുക്കും. ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലായി 30ല്‍ പരം ഖാപ് നേതാക്കള്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് പ്രസിഡന്റ് നരേഷ് ടികായത് അവകാശപ്പെട്ടു.
ഇന്ത്യാ ഗേറ്റിലെ അനിശ്ചിതകാല നിരാഹാരം ഉള്‍പ്പടെയുള്ള സമരപ്രഖ്യാപനങ്ങള്‍ ഖാപ് പഞ്ചായത്ത് ചര്‍ച്ച ചെയ്യും. സംയുക്ത കിസാന്‍ മോര്‍ച്ച വ്യാഴാഴ്ച ബ്രിജ് ഭൂഷന്റെ കോലവും കത്തിക്കും.
ഗുസ്തി താരങ്ങളെ ഡല്‍ഹി പോലീസ് കൈകാര്യം ചെയ്തത് വളരെ മോശമായെന്നായിരുന്നു രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ ട്വീറ്റ്. ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണ പരാതിയില്‍ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണമെന്നും ഐഒസി പ്രതികരിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം ഏഴ് പേര്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് ബ്രിജ് ഭൂഷണെതിരായ പരാതി. ജനുവരിയില്‍ ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മേല്‍നോട്ട സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ യാതൊരു തീരുമാനവുമുണ്ടാകാത്ത സാഹചര്യത്തില്‍ ഏപ്രിലില്‍ ഗുസ്തിതാരങ്ങള്‍ വീണ്ടും പ്രതിഷേധിക്കുകയായിരുന്നു.
സുപ്രീംകോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ ബ്രിജ് ഭൂഷണെതിരേ ഡല്‍ഹി പോലീസ് കേസെടുത്തെങ്കിലും അറസ്റ്റോ മറ്റ് നടപടികളോ ഇതുവരെയുണ്ടായിട്ടില്ല. ബ്രിജ് ഭൂഷണ് സിംഗിനെതിരേ തെളിവ് ലഭിച്ചിട്ടില്ലെന്നും തെളിവ് ലഭിക്കാതെ അറസ്റ്റ് ചെയ്യാനാകില്ലെന്നുമാണ് ഡല്‍ഹി പോലീസിന്റെ നിലപാട്.
അനീതിയില്‍ പ്രതിഷേധിച്ചു ഹരിദ്വാറില്‍ ഗംഗയില്‍ മെഡലുകളൊഴുക്കി ഇന്ത്യാഗേറ്റില്‍ നിരാഹാരമിരിക്കുമെന്ന് ഗുസ്തി താരങ്ങള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കര്‍ഷക നേതാക്കള്‍ ഇടപെട്ട് താരങ്ങളെ പിന്തിരിപ്പിച്ചു.
അഞ്ച് ദിവസത്തേക്ക് കടുത്ത നിലപാട് എടുക്കരുതെന്ന നേതാക്കളുടെ ആവശ്യം ഗുസ്തി താരങ്ങള്‍ അംഗീകരിക്കുകയായിരുന്നു.