"2002-ന് ശേഷം കലാപങ്ങൾ അവസാനിച്ചു; ഗുജറാത്തിൽ അഖണ്ഡ ശാന്തി'
Saturday, November 26, 2022 10:39 AM IST
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ 2002-ലെ വർഗീയ കലാപവും തുടർനടപടികളും ഓർമിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കലാപങ്ങൾ പതിവാക്കാൻ കോൺഗ്രസ് അനുവദിച്ചുവെന്നും ബിജെപി സർക്കാർ കലാപകാരികളെ പാഠം പഠിപ്പിച്ച് ഗുജറാത്തിൽ "അഖണ്ഡ ശാന്തി' ഉറപ്പാക്കിയെന്നും ഷാ പറഞ്ഞു.
ഗുജറാത്തിലെ വിവിധ മണ്ഡലങ്ങളിൽ നടന്ന പരിപാടികൾക്കിടെയാണ് ഷാ ഗുജറാത്ത് കലാപം പ്രചരണവിഷയമായി ഉന്നയിച്ചത്. 2001-ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്ത് മാഫിയകൾ ഇല്ലാതായെന്നും 2002-ന് ശേഷം കർഫ്യൂ സംവിധാനം ആവശ്യം വന്നിട്ടില്ലെന്നും ഷാ പറഞ്ഞു. ബിജെപിയുടെ താമര വർഗീയ അഗ്നിയിൽ നിന്ന് ഗുജറാത്തിനെ രക്ഷിച്ചെന്നും വികസനപാതയിലേക്ക് ആനയിച്ചെന്നും ഷാ അവകാശപ്പെട്ടു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് കോൺഗ്രസ് ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം നിലനിർത്തി പോന്നതെന്നും ഗുജറാത്തിലെ ഫലം പ്രതികൂലമാകുമെന്ന് അറിയാവുന്നത് കൊണ്ടാണ് രാഹുൽ ഗാന്ധി പ്രചരണത്തിൽ നിന്ന് വിട്ട് നിൽക്കുന്നതെന്നും ഷാ പ്രസ്താവിച്ചു.