ജമ്മു കാഷ്മീരിൽ ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരം; പോളിംഗ് 41.17 ശതമാനം കടന്നു
Wednesday, September 18, 2024 3:53 PM IST
ശ്രീനഗർ: ജമ്മു കാഷ്മീർ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒന്ന് വരേയുള്ള കണക്ക് അനുസരിച്ച് 41.17 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
23.27 ലക്ഷം വോട്ടർമാരാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക. ഇതിൽ 11.76 ലക്ഷം പുരുഷന്മാരും 11.51 ലക്ഷം സ്ത്രീകളുമാണ്. നിലവിൽ ഇതുവരേ ശാന്തമായാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്.
എങ്കിലും തുടർച്ചയായ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറുവരെ നീളും. ജമ്മു കാഷ്മീരിലെ 24 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. കാഷ്മീര്‍ താഴ്വരയിലെ 16 ഉം ജമ്മുവിലെ എട്ടും മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പോളിംഗ്ബൂത്തുകളില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കാല്‍നടയാത്രക്കാരെയും വാഹനങ്ങളെയും പരിശോധിക്കാന്‍ കൂടുതല്‍ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ ഏജന്‍സികളെ സഹായിക്കാന്‍ കാമറകളും ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരുന്നു.
മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അടുത്ത മാസം എട്ടിന് നടക്കും. 90 മണ്ഡലങ്ങളാണ് ജമ്മു കാഷ്മീരിലുള്ളത്. 219 പേരാണ് ജനവിധി തേടുന്നത്. 90 പേര് സ്വതന്ത്രസ്ഥാനാര്ഥികളാണുള്ളത്.