കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ 23 കിലോ കഞ്ചാവുമായി പിടിയിൽ
Wednesday, December 11, 2024 6:50 PM IST
തൃശൂർ: കൊടകരയിൽ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ 23 കിലോ കഞ്ചാവുമായി പിടിയിൽ. മാള പൂപ്പത്തി സ്വദേശി നെടുംപറമ്പിൽ വീട്ടിൽ ഷാജി എന്ന പൂപ്പത്തി ഷാജി (66) ആണ് പിടിയിലായത്.
അൻപതിലേറെ ലഹരി മരുന്ന് കേസുകളിൽ പ്രതിയാണ് ഷാജി. കഞ്ചാവ് കടത്തിയതിന് ഏഴര വർഷം കഠിന തടവിനും 75000 രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ട ഇയാൾ അപ്പീൽ ഹർജി സമർപ്പിച്ച് ജാമ്യത്തിൽ കഴിയുമ്പോഴാണ് വീണ്ടും പിടിയിലായത്.
കൊടകരയിൽ ദേശീയപാതയോട് ചേർന്ന ബസ് സ്റ്റോപ്പിന് സമീപം സംശയാസ്പദമായി കണ്ടപ്പോഴാണ് ഇയാളെ പരിശോധിച്ചത്. കൊടകരയിൽ ബസിൽ വന്നിറങ്ങിയ ഷാജി ഓട്ടോറിക്ഷ കാത്ത് നിൽക്കുകയായിരുന്നു. ഇയാളുടെ കൈയ്യിൽ ഒരു ഷോൾഡർ ബാഗും വലിയ ബാഗും ഉണ്ടായിരുന്നു.
പോലീസിനെ കണ്ടപ്പോൾ ബാഗ് ഒളിപ്പിക്കാൻ പ്രതി ശ്രമിച്ചു. ഇതോടെ പോലീസ് ബാഗുകൾ തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.