കേരള ക്രിക്കറ്റ് ലീഗ് താരലേലം ശനിയാഴ്ച; ലോഗോ പ്രകാശനം ചെയ്തു
Friday, August 9, 2024 9:30 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം ശനിയാഴ്ച നടത്തും. ലേലത്തിന് മുന്നോടിയായി ചാമ്പ്യൻഷിപ്പ് ലോഗോ സഞ്ജു സാംസൺ പ്രകാശനം ചെയ്തു.
നാളെ രാവിലെ പത്തു മുതല്‍ ഹയാത്ത് റീജൻസിയിലാണ് താരലേലം നടക്കുക. താരലേലത്തിനായി 168 കളിക്കാരെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ നിന്ന് 20 കളിക്കാരെ വീതം ഓരോ ഫ്രാഞ്ചൈസികള്‍ക്കും വിളിച്ചെടുക്കാം.
താരങ്ങളെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് ലേലം നടക്കുക. ഐപിഎൽ, രഞ്ജി ട്രോഫി എന്നിവയിൽ കളിച്ചിട്ടുള്ളവരാണ് ഏറ്റവും ഉയർന്ന തുകയുള്ള എ വിഭാഗത്തിൽ ഉൾപ്പെടുന്നത്. രണ്ട് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന പ്രതിഫലം.
സി.കെ. നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്സ് മത്സരങ്ങളിൽ കളിച്ചിട്ടുള്ളവർ ഒരു ലക്ഷം രൂപ അടിസ്ഥാന പ്രതിഫലം വരുന്ന ബി വിഭാഗത്തിൽ ഉൾപ്പെടും. അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റർമാരുമാണ് സി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 50,000 രൂപയാണ് ഇവരുടെ അടിസ്ഥാന പ്രതിഫലം.