ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത
Friday, June 9, 2023 2:58 PM IST
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തപ്രാപിക്കുമെന്നാണ് വിലയിരുത്തല്‍.
ഇതോടെ അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ അതിതീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്ന ബിപോര്‍ജോയ് അടുത്ത 36 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് വടക്ക് കിഴക്ക് ദിശയിലും തുടര്‍ന്നുള്ള മൂന്ന് ദിവസം വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത മൂന്ന് ദിവസത്തേയ്ക്ക് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
ശനിയാഴ്ച പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഞായറാഴ്ച പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.