കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
Wednesday, November 29, 2023 12:41 AM IST
തിരുവനന്തപുരം: വലിയ വേളിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിനായുള്ള കെട്ടിടത്തിന്റെ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി രാജ്കുമാര്(34) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടം. കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം പുതിയ കെട്ടിടത്തിനായി പണി നടക്കുകയായിരുന്നു. നിര്‍മാണത്തിന്റെ ഫില്ലര്‍ കുഴി എടുക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
മണ്ണിനടിയില്‍ പെട്ടു പോയ തൊഴിലാളിയെ പോലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തെങ്കില്‍ ജീവന് രക്ഷിക്കാനായില്ല. മണ്ണുമാറ്റുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.