ജന്മദിനാഘോഷം പൂർണമായി ചിത്രീകരിച്ചില്ല; വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നു
Friday, March 1, 2024 11:57 AM IST
പാട്ന: ജന്മദിനാഘോഷത്തിന്റെ വീഡിയോ പൂർണമായി ചിത്രീകരിച്ചില്ലെന്നാരോപിച്ച് വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നു. ബിഹാറിലെ ദർബ്ഹംഗ ജില്ലയിലെ മഖ്ന ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. സുശീൽ കുമാർ സാഹ്നി എന്നയാളാണ് കൊല്ലപ്പെട്ടത്.
പ്രതിയായ രാകേഷ് സാഹ്നിയുടെ മകളുടെ ജന്മദിനാഘോഷം ചിത്രീകരിക്കുന്നതിനായാണ് സുശീൽ എത്തിയത്. എന്നാൽ കാമറയിലെ ചാർജ് തീർന്നതോടെ ചിത്രീകരണം പാതിവഴി തടസപ്പെടുകയായിരുന്നു.
ഇതിൽ പ്രകോപിതനായാണ് പ്രതി വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നത്. ഇയാളുടെ വായിലാണ് വെടിയേറ്റത്. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
പ്രതി രാകേഷ് തന്നയാണ് വെടിയേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പിടിക്കപ്പെടുമെന്ന ഭയത്താൽ ഇയാൾ കടന്നുകളഞ്ഞതായി ആശുപത്രി അധികൃതർ പറഞ്ഞു.