സൂക്ഷിച്ചോ..! റോഡുകളിലെ കാമറ കണ്ണുകള്‍ രണ്ടാഴ്ചക്കകം, പണി ഓണ്‍ലൈനായി വീട്ടില്‍ കിട്ടും
സ്വന്തം ലേഖകൻ
Thursday, February 9, 2023 1:57 PM IST
കോഴിക്കോട്: സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച 675 ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് (നിര്‍മിത ബുദ്ധി) കാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി തേടി. അടുത്തമന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കും.
അനുവാദം ലഭിച്ചാല്‍ രണ്ടാഴ്ചക്കകം പിഴ ഈടാക്കി തുടങ്ങും. മോട്ടോര്‍ വാഹന വകുപ്പിന്‍റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് കാമറകള്‍ സ്ഥാപിച്ചത്. 675 എഐ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കെല്‍ട്രോണ്‍ നേരിട്ടാണ് കാമറകള്‍ സ്ഥാപിച്ചത്. ക്യാമറകളില്‍ നിന്ന് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്.
എന്നാല്‍, പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടില്ലാത്തതിനാല്‍ പിഴ ഈടാക്കാന്‍ കഴിഞ്ഞിട്ടില്ല. 30 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഓരോ കാമറയും സ്ഥാപിച്ചത്. എഐ കാമറകള്‍ക്ക് പുറമേ റെഡ് ലൈറ്റ് വയലേഷൻ, പാര്‍ക്കിംഗ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറകളും ഉള്‍പ്പെടെ 725 ഗതാഗത നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനായി 235 കോടി രൂപയാണ് സേഫ് കേരള പദ്ധതിയില്‍ ചെലവഴിച്ചത്.