അദാനിയിൽ പുകഞ്ഞ് പാർലമെന്‍റ്; രാഹുലിനെതിരേ അവകാശ ലംഘനത്തിന് ബിജെപി
അദാനിയിൽ പുകഞ്ഞ് പാർലമെന്‍റ്; രാഹുലിനെതിരേ അവകാശ ലംഘനത്തിന് ബിജെപി
Wednesday, February 8, 2023 3:48 PM IST
വെബ് ഡെസ്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ലോക്സഭയില്‍ ബിജെപി അവകാശ ലംഘന നോട്ടീസ് നല്‍കി. രാഹുലിനെതിരേ നടപടി വേണമെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ആവശ്യപ്പെട്ടത്.

രാഹുലിന്‍റെ പ്രസംഗം രേഖകളില്‍ നിന്ന് നീക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. രാഹുലിന്‍റെ പ്രസ്താവനയെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സഭയില്‍ വയ്ക്കാന്‍ ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെതിരെ അവകാശലംഘന നോട്ടീസുമായി ബിജെപി രംഗത്ത് വന്നത്.

അദാനി വിഷയം സഭയില്‍ ഉന്നയിക്കാനുള്ള രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നീക്കവും ബഹളത്തിൽ കലാശിച്ചു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു രാജ്യസഭയില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ.

അദാനിയിലൂടെ പ്രധാനമന്ത്രിക്കെതിരെ ചൊവ്വാഴ്ച ലോക്സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്. പ്രധാനമന്ത്രിയുടെ വിദേശ യാത്രകളും രാജ്യത്തിന്‍റെ വിദേശനയവും അദാനിക്ക് വേണ്ടിയാണെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു.


എസ്ബിഐയേയും എല്‍ഐസിയേയും തീറെഴുതി സാധാരണക്കാരുടെ പണം സര്‍ക്കാര്‍ അദാനിയുടെ കൈയിലെത്തിച്ചെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിയ ബന്ധം. വിധേയനായ അദാനിയും പടിപടിയായി ഉയര്‍ന്നു.

മോദി പ്രധാനമന്ത്രിയായ 2014ൽ അദാനിയുടെ ആസ്തി എട്ട് ബില്യണ്‍ ഡോളറായിരുന്നെങ്കിൽ, 2022 എത്തിയപ്പേഴേക്കും അത് 140 ബില്യണ്‍ ഡോളറായി. സമ്പന്നരുടെ പട്ടികയില്‍ അറുനൂറാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തെത്തി.

നടത്തിപ്പില്‍ മുന്‍ പരിചയമില്ലാത്തവര്‍ക്ക് വിമാനത്താവളങ്ങള്‍ കൈമാറരുതെന്നാണ് ചട്ടമെങ്കില്‍ ആറ് വിമാനത്താവളങ്ങള്‍ ഇപ്പോള്‍ അദാനിയുടെ കൈയിലാണ്. പ്രതിരോധ, ആയുധനിര്‍മാണ മേഖലകളിലും അദാനിക്ക് പ്രാതിനിധ്യം നല്‍കി.

രാജ്യത്തിന്‍റെ ബജറ്റും, നയങ്ങളും അദാനിക്ക് വേണ്ടി തയാറാക്കിയെന്ന് ആരോപിച്ച രാഹുല്‍ അദാനിയുമായി എത്ര തവണ വിദേശ യാത്ര നടത്തി, ബിജെപിക്ക് അദാനി എത്ര തുക സംഭാവന നല്‍കി എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ പ്രധാനമന്ത്രിയോടുന്നയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<