അപകട സ്ഥലം പ്രധാനമന്ത്രി സന്ദര്‍ശിച്ചു
Saturday, June 3, 2023 4:31 PM IST
ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ബാലസോര്‍ ട്രെയിന്‍ അപകടസ്ഥലത്ത് സന്ദര്‍ശനം നടത്തി. കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുമായി നരേന്ദ്ര മോദി സംസാരിച്ചു.
റെയില്‍വേ അപകടവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ അദ്ദേഹം യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദുരന്തഭൂമി സന്ദര്‍ശിച്ചത്. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി കട്ടക്ക് ജില്ലാ ആശുപത്രിയിലേക്ക് എത്തുമെന്നാണ് വിവരം.
വെള്ളിയാഴ്ച രാത്രി 7.20-നാണ് ഒഡീഷയിലെ ബാലസോറിലെ ബഹനാഗ റെയില്‍വേ സ്റ്റേഷന് സമീപം അപകടമുണ്ടായത്. ചെന്നൈയിലേക്കുള്ള കോറാമണ്ഡല്‍ എക്സ്പ്രസ്, യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് എന്നീ യാത്രാ ട്രെയിനുകളും ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തില്‍പെട്ടത്.