കുടുംബ പ്രതികാരം; പൂനെയിൽ സഹോദരങ്ങൾ ചേർന്ന് ഏഴ് പേരെ കൊലപ്പെടുത്തി
Thursday, January 26, 2023 12:30 AM IST
പൂനെ: മകന്റെ അപകടമരണത്തിന് പ്രതികാരം ചെയ്യാനായി യുവാവിനെയും കുടുംബത്തെയും നദിയിൽ മുക്കിക്കൊന്ന് മധ്യവയസ്കൻ. പൂനെയിലെ ദുയാൻഡ് മേഖലയിലുള്ള മോഹൻ പവാറിന്റെ കുടുംബത്തിലെ മൂന്ന് കുട്ടികളടക്കമുള്ള ഏഴ് പേരാണ് കൊല്ലപ്പെട്ടത്.
കേസിൽ പ്രതികളായ അശോക് പവാർ, ശങ്കർ പവാർ, ശങ്കർ പവാർ, പ്രകാശ് പവാർ, കാന്താഭായ് ജാദവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ ഈ അഞ്ചംഗസംഘം മോഹനെയും കുടുംബത്തെയും ഭീമാ നദിയിൽ മുക്കിക്കൊല്ലുകയായിരുന്നു.
അശോക് പവാറിന്റെ മകൻ ധനഞ്ജയ്ക്ക് സംഭവിച്ച അപകടത്തിന്റെ ഉത്തരവാദി മോഹൻ പവാറിന്റെ മകനാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. പിതൃസഹോദര പുത്രന്മാരായ അശോകും മോഹനും തമ്മിൽ ഇത് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു.
ഈ തർക്കം മൂർച്ഛിച്ചതോടെയാണ് അഞ്ചംഗ സഹോദരസംഘം മോഹനെയും കുടുംബത്തെയും കൊലപ്പെടുത്തിയത്. മരിച്ചവരിൽ മൂന്ന് മുതൽ ഏഴ് വയസ് വരെ പ്രായമുള്ള കുട്ടികളും ഉൾപ്പെടുന്നു.
പ്രതികൾക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തതായി അധികൃതർ അറിയിച്ചു.