രാജസ്ഥാനിലെ "കനൽ' അണഞ്ഞപ്പോൾ തെലങ്കാനയിൽ "കനൽത്തരി' തെളിഞ്ഞു
Monday, December 4, 2023 1:22 AM IST
ജയ്പുർ: നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഭരണത്തിലിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും കൈവിട്ടപ്പോൾ മധ്യപ്രദേശ് തിരിച്ചു പിടിക്കാമെന്ന മോഹവും പൊലിഞ്ഞു. ആശ്വസിക്കാൻ വക നൽകിയത് തെലുങ്കാനയിലെ വിജയം മാത്രവും.
എന്നാൽ രാജ്യത്തെ പ്രധാന ഇടതു പാർട്ടികളായ സിപിഎമ്മിനും സിപിഐയ്ക്കും തെരഞ്ഞെടുപ്പ് സമ്മാനിച്ചത് തീരാ നഷ്ടങ്ങളാണ്. രാജസ്ഥാനിൽ ആകെയുണ്ടായിരുന്ന രണ്ട് സിറ്റിംഗ് സീറ്റുകളും സിപിഎമ്മിന് നഷ്ടമായി. ആകെ പറയാൻ തെലുങ്കാനയിൽ സിപിഐ ജയിച്ച ഒരു സീറ്റ് മാത്രം.
2018ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനൊപ്പം നിന്ന ദുംഗര്‍ഗഡ്, ഭദ്ര എന്നീ മണ്ഡലങ്ങൾ രണ്ടും നഷ്ടമായി. ദുംഗര്‍ഗഡില്‍ ഗിര്‍ധരിലാല്‍ മഹിയയും ഭദ്രയില്‍ ബല്‍വാന്‍ പൂനിയയുമാണ് സീറ്റ് നഷ്ടപ്പെട്ട സിറ്റിംഗ് എംഎൽഎമാർ.
ദുംഗര്‍ഗഡില്‍ ഇത്തവണ ഗിര്‍ധരിലാല്‍ മഹിയ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെടുകയും ചെയ്തു. ബിജെപി. സ്ഥാനാര്‍ത്ഥി താരാചന്ദ് 8125 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിലെ മംഗളറാം ഗോദാര രണ്ടാമതെത്തി.
ഭദ്ര മണ്ഡലത്തില്‍ ബിജെപി. സ്ഥാനാര്‍ത്ഥി സഞ്ജീവ് കുമാറിനോട് 1132 വോട്ടുകള്‍ക്കാണ് ബല്‍വാന്‍ പൂനിയ പരാജയപ്പെട്ടത്. 2020ല്‍ അശോക് ഗെലോട്ടും സച്ചിന് പൈലറ്റും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എംഎല്‍എമാരെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിപ്പിച്ചപ്പോള്‍ തന്റെ വയലിൽ വെട്ടുകിളികളെ തുരത്തുകയായിരുന്ന ഗിര്‍ധരിലാല്‍ മഹിയ അന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
രാജസ്ഥാനില്‍ 17 സീറ്റുകളിലാണ് ഇത്തവണ സിപിഎം മത്സരിച്ചത്. ഒടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 0.96 ശതമാനം വോട്ടുകള്‍ മാത്രം നേടാന്‍ കഴിഞ്ഞ സിപിഎം സംസ്ഥാനത്ത് നോട്ടയെക്കാള്‍ പിന്നിലാണ്. 0.04 ശതമാനം വോട്ടാണ് സിപിഐയ്ക്ക് ലഭിച്ചത്. 0.01 ശതമാനമാണ് സിപിഐ-എംഎല്(എൽ) നേടിയത്.
തെലുങ്കാനയിൽ കോൺഗ്രസിന്റെ പിന്തുണയോടെ സിപിഐ ഒരു സീറ്റ് നേടി അക്കൗണ്ട് തുറന്നതു മാത്രമാണ് ഇടതു പാർട്ടികൾക്ക് ആശ്വസിക്കാൻ വകനൽകുന്നത്.
കൊത്തകുടം മണ്ഡലത്തില്‍ വോട്ടെണ്ണിത്തീര്‍ന്നപ്പോള്‍ സിപിഐ. സ്ഥാനാര്‍ത്ഥി കെ. സാംബശിവ റാവു 26547 വോട്ടുകള്‍ക്ക് വിജയിച്ചു. ഓള് ഇന്ത്യ ഫോര്‍വേഡ് ബ്ലോക്കിന്റെ സ്ഥാനാര്‍ത്ഥിയെയാണ് സാംബശിവറാവു തോല്‍പ്പിച്ചത്.
തെലങ്കാനയില്‍ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഐ കോണ്‍ഗ്രസുമായി ധാരണയിലെത്തിയിരുന്നു. കൊത്തകുടം മണ്ഡലത്തിലെ സീറ്റും അധികാരത്തിലെത്തിയാല്‍ രണ്ട് എംഎല്‍സി സീറ്റുകളുമാണ് സിപിഐയ്ക്ക് കോണ്‍ഗ്രസ് നല്കിയ വാഗ്ദാനം.
അതേസമയം, 17 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിച്ച സിപിഎമ്മിന് ഒന്നില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. ഖമ്മം ജില്ലയിലെ പലൈര്‍ മണ്ഡലത്തില്‍ മത്സരിച്ച സിപിഎം തെലങ്കാന സംസ്ഥാന സെക്രട്ടറി വീരഭദ്രം തമ്മിനേനിക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചത്.
0.22 ശതമാനം വോട്ടാണ് സിപിഎമ്മിന് സംസ്ഥാനത്തൊട്ടാകെ ലഭിച്ചത്. സിപിഐയ്ക്ക് 0.34 ശതമാനവും വോട്ട് ലഭിച്ചു.