മാനഭംഗത്തിനിരയായ 12 വയസുകാരി രക്തംവാര്‍ന്നു തെരുവിലൂടെ സഹായം കേഴുന്നു; ഞെട്ടിക്കുന്ന സംഭവം
Wednesday, September 27, 2023 12:11 PM IST
ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരുവിലൂടെ രക്തംവാര്‍ന്ന സഹായം ചോദിച്ച് അലഞ്ഞ 12 വയസുകാരി മാനഭംഗത്തിന് ഇരയായതായി തെളിഞ്ഞു. ഉജജ്വയിനില് ബദ്നഗര്‍ റോഡിലാണ് സംഭവം.
അര്‍ധനഗ്നയായ പെണ്‍കുട്ടി വീടുവീടാന്തരം കയറിയിറങ്ങി അഭ്യര്‍ഥിച്ചിട്ടും ആരും സഹായിക്കാന്‍ തയാറായിരുന്നില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സഹായം തേടിയ പെണ്‍കുട്ടിയെ ഒരാള്‍ ആട്ടിപ്പായിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
പിന്നീടൊരു സന്യാസിയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വൈദ്യപരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഇന്‍ഡോറിലെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മധ്യപ്രദേശ് പോലീസ് അറിയിച്ചു. അജ്ഞാതരായ പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പടക്കമാണ് ചുമത്തിയിട്ടുള്ളത്.