ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത് രാജേന്ദ്രന്റെ മറ്റൊരു വീടിനെന്ന് റവന്യു വകുപ്പ്
Sunday, November 27, 2022 1:30 PM IST
ഇടുക്കി: വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന് നോട്ടീസ് നല്കിയ വിഷയത്തില്‍ വിശദീകരണവുമായി റവന്യൂ വകുപ്പ്.
രാജേന്ദ്രന് ഇപ്പോള്‍ താമസിക്കുന്ന വീടിനല്ല പകരം രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് ഒഴിപ്പിക്കൽ നോട്ടീസ് നല്‍കിയതെന്ന് റവന്യു വകുപ്പ് അറിയിച്ചു.
എസ്. രാജേന്ദ്രന് ഇപ്പോള്‍ താമസിക്കുന്ന വീടിന് വിശദീകരണ നോട്ടീസാണ് നല്‍കിയതെന്നും റവന്യു വകുപ്പ് അറിയിച്ചു.
കെഎസ്ഇബിയുടെ ഭൂമിയില്‍ നിര്‍മിച്ച വീടിനാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്. ഈ വീട് രാജന്ദ്രന് മറ്റുചിലര്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്.
ദേവികുളം സബ് കളക്ടറുടെ നിർദേശ പ്രകാരം വില്ലേജ് ഓഫീസറാണ് രാജേന്ദ്രനും ഭാര്യയ്ക്കും നോട്ടീസ് നൽകിയിരിക്കുന്നത്. ഒഴിഞ്ഞു പോയില്ലെങ്കിൽ ബലമായി ഒഴിപ്പിക്കും എന്നാണ് നോട്ടീസിൽ പറയുന്നത്. ബലമായി ഒഴിപ്പിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടർ ഇടുക്കി എസ്പിക്ക് കത്തും നൽകിയിട്ടുണ്ട്.