തൂണേരി ഷിബിന്‍ വധക്കേസ്; ആറ് പ്രതികള്‍ക്ക് ജീവപര്യന്തം
Tuesday, October 15, 2024 2:53 PM IST
കൊച്ചി: തൂണേരി ഷിബിന്‍ വധക്കേസില്‍ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. ഷിബിന്റെ പിതാവിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
രണ്ടാം പ്രതി തെയ്യമ്പാടി മുനീർ, നാലാം പ്രതി വാറങ്കി താഴെ കുനിയിൽ സിദ്ദിഖ്, അഞ്ചാം പ്രതി മണിയന്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതിൽ കുനി ശുഹൈബ്, പതിനഞ്ചാം പ്രതി കൊഞ്ചന്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമ്മൽ സമദ് എന്നിവരെയാണ് ശിക്ഷിച്ചത്.
ഷിബിന്‍ വധക്കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് ഒക്ടോബര്‍ നാലിനാണ് ഹൈക്കോടതി വിധിച്ചത്. കേസിലുള്‍പ്പെട്ട 17 പ്രതികളില്‍ എട്ടുപേര്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിൽ ഒരാൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല.
2015 ജനുവരി 22നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. രാഷ്ട്രീയവും വര്‍ഗീയവുമായ വിരോധത്താല്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തില്‍ ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.