ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുടെ കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്ര സര്‍വകലാശാലകള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്‍റ് (ഐഐഎം) എന്നിവിടങ്ങളില്‍ നിന്നായി 13,500 വിദ്യാര്‍ഥികള്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പഠനമുപേക്ഷിച്ചവരെല്ലാം തന്നെ പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക വിഭാഗങ്ങളിലുള്ളവരാണെന്നും വെറും അഞ്ച് വര്‍ഷത്തിനിടെയാണ് ഇത്രയധികം വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോക്‌സഭയില്‍ സംസാരിക്കവേ വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാരാണ് കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്തെ ചില ഐഐടികളിലെ വിദ്യാര്‍ഥികള്‍ ജാതിവിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്ന് അധികം വൈകും മുന്‍പാണ് പഠനം ഉപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ കണക്കുകളും പുറത്ത് വന്നിരിക്കുന്നത്.

പിന്നോക്കവിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി ഫീസിളവ് ഉള്‍പ്പടെയുള്ളവ ഉണ്ടായിരുന്നിട്ടും വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നത് ആശങ്കാജനകമാണ്. ഇവരില്‍ നല്ലൊരു വിഭാഗം ആളുകളും പിന്നീട് വിദേശ രാജ്യങ്ങളിലേക്ക് പഠനാവശ്യത്തിനായി കുടിയേറുകയാണ്.

ഐഐടി ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ 33 വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തതെന്ന റിപ്പോര്‍ട്ട് ഏതാനും മാസം മുന്‍പാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടത്.