പരേഡ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല; ഹൈക്കോടതി ഉത്തരവ് പാലിക്കാതെ തെലങ്കാന സര്‍ക്കാര്‍
Thursday, January 26, 2023 5:17 PM IST
ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ചുള്ള റിപ്പബ്ലിക് ദിന പരേഡ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെ തെലങ്കാന സര്‍ക്കാര്‍. സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ ഇത്തവണയും സര്‍ക്കാര്‍ പരേഡ് നടത്തിയില്ല.
നേരത്തെ നിശ്ചയിച്ചിരുന്നത് അനുസരിച്ച് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്രാജന് പതാക ഉയര്‍ത്തി. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തത് ചീഫ് സെക്രട്ടറിയും ഡിജിപിയുമാണ്.
മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍.റാവു ഈ ചടങ്ങില്‍ പങ്കെടുത്തില്ല. പകരം രാവിലെ 10ന് പരേഡ് ഗ്രൗണ്ടിലെത്തി രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് മടങ്ങി.
തെലങ്കാനയില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷവും പരേഡ് നടത്തിയിരുന്നില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും അവരവരുടെ വസതികളില്‍ വെവ്വേറെ ആണ് അന്ന് പതാക ഉയര്‍ത്തിയത്.
പരേഡും ഗാര്‍ഡ് ഓഫ് ഓണറും ഉള്‍പ്പെടുത്തി ഇത്തവണ റിപ്പബ്ലിക്ദിന പരിപാടി നടത്തണമെന്ന് കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ഇത്തവണയും റിപ്പബ്ലിക് ദിനാഘോഷത്തില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാകുകയായിരുന്നു.