ഒഡീഷയില്‍ ട്രെയിനില്‍ തീപിടിത്തം; ആളപായമില്ല
Friday, June 9, 2023 4:07 PM IST
ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനില്‍ തീപിടിത്തമുണ്ടായി. നുവാപദ ജില്ലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ദുര്‍ഗ് -പുരി എക്സ്പ്രസിന്റെ എസി കോച്ചിന്(ബി 3) അടിയിലാണ് തീപിടിത്തമുണ്ടായത്.
സംഭവം യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയോടി. എന്നാല്‍ ബ്രേക്ക് പാഡിന് തീപിടിച്ചതാണെന്നും കോച്ചിന് അകത്തേക്ക് തീ പടര്‍ന്നിട്ടില്ലെന്നും ഈസ്റ്റ് കോസ്റ്റ് റെയില്‍വേ അറിയിച്ചു.ഒരു മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിച്ചശേഷം ട്രെയിന്‍ യാത്ര പുനഃരാരംഭിച്ചു.
ഈ മാസം രണ്ടിന് ഒഡീഷയിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ 288 പേര് മരിച്ചിരുന്നു. 1,100 ൽ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബാലസോര്‍ ജില്ലയിലെ ബഹാനാഗ ബസാര്‍ സ്റ്റേഷനില്‍ ബംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും ഷാലിമര്‍-ചെന്നൈ സെന്‍ട്രല്‍ കോറോമാണ്ടല്‍ എക്സ്പ്രസും ചരക്ക് തീവണ്ടിയുമായിരുന്നു അപകടത്തില്‍പ്പെട്ടത്.