ഏകീകൃത സിവിൽ കോഡ് ആറ് മാസത്തിനുള്ളിൽ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
Saturday, November 26, 2022 11:14 AM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും നിയമനിർമാണം ഉടൻ ഉണ്ടാകുമെന്നും അദേഹം പറഞ്ഞു.
സർക്കാർ രൂപീകരണത്തിന് ശേഷം ആദ്യമെടുത്ത തീരുമാനം സിവിൽ കോഡ് കരട് തയ്യാറാക്കാനുള്ള സമിതിയെ നിശ്ചയിക്കുക എന്നതാണെന്നും ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം ഉടനടി കോഡ് പ്രാബല്യത്തിലാക്കുമെന്നും ധാമി അറിയിച്ചു.
രണ്ട് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന, സാംസ്കാരിക തനിമയുള്ള "ദേവഭൂമി'യായ സംസ്ഥാനത്ത് ഏകീകൃത വ്യക്തി നിയമം അനിവാര്യമാണെന്ന് ധാമി പറഞ്ഞു. രാജ്യത്തിന് ഏറ്റവുമധികം സൈനികരെ സംഭാവന ചെയ്യുന്ന സംസ്ഥാനത്തെ എല്ലാ ജാതി - മത വിഭാഗങ്ങളും ഒരൊറ്റ നിയമ സംവിധാനത്തിന്റെ പരിധിയിൽ വരണമെന്നും അദേഹം കൂട്ടിച്ചേർത്തു.