കൊടുംചൂട് വ്യാപിക്കും; വേനൽമഴയ്ക്ക് സാധ്യത കുറഞ്ഞു
കൊടുംചൂട് വ്യാപിക്കും; വേനൽമഴയ്ക്ക് സാധ്യത കുറഞ്ഞു
Monday, March 6, 2023 3:10 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വടക്കൻ കേരളത്തിനു പുറമേ മധ്യകേരളത്തിലേക്കും തീരദേശ മേഖലകളിലേക്കും കൊടുംചൂട് വ്യാപിക്കുമെന്ന് വിദഗ്ധർ. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ചൂട് കൂടും. കാര്യമായ വേനൽമഴയ്ക്ക് സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഒറ്റപ്പെട്ട മഴ പെയ്തേക്കാം.

കാലാവസ്ഥാ വകുപ്പിന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഞായറാഴ്ചത്തെ കൂടിയ ചൂട് തൃശൂര്‍ വെള്ളാനിക്കരയിലും കൊച്ചി വിമാനത്താവളത്തിലുമാണ്. താരതമ്യേന കുറഞ്ഞ പകല്‍ താപനില തിരുവനന്തപുരം വിമാനത്താവളത്തിലായിരുന്നു.

ഉത്തരേന്ത്യയിലെ എതിര്‍ചക്രവാതച്ചുഴി കാരണം ചൂടു കൂടിയ വായു ഇങ്ങോട്ട് നീങ്ങിയതാണ് കേരളത്തിലെ കടുത്ത ചൂടിന് കാരണമെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ സെന്‍റർ ഡയറക്ടര്‍ ഡോ. എസ് അഭിലാഷ് പറഞ്ഞു.


അതേസമയം കനത്ത ചൂടില്‍ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. അന്തരീക്ഷ താപനില വളരെ കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇടക്കിടെ വെള്ളം കുടിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്കു മാറിയ ശേഷം വൈദ്യസഹായം തേടണം. അടിയന്തര ആവശ്യങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് ഡോക്ടറുടെ ഉപദേശം തേടാമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<