കാട്ടാനയുടെ ജഡം കുഴിച്ചിട്ട സംഭവം: പ്രതികൾക്കായി വനംവകുപ്പിന്‍റെ തിരച്ചിൽ
കാട്ടാനയുടെ ജഡം കുഴിച്ചിട്ട സംഭവം: പ്രതികൾക്കായി വനംവകുപ്പിന്‍റെ തിരച്ചിൽ
Saturday, July 15, 2023 1:56 PM IST
സ്വന്തം ലേഖകൻ
തൃശൂർ: വാഴക്കോട് മുള്ളൂർക്കരയിലെ റബർ തോട്ടത്തിൽ ആനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ആറ് പ്രതികൾക്കായി വനം വകുപ്പിന്‍റെ തിരച്ചിൽ. സ്ഥലമുടമയായ റോയിക്ക് സഹായം നൽകിയവരെ ഉൾപ്പെടെ കേസിൽ പ്രതി ചേർക്കാനാണ് തീരുമാനം. ഇടുക്കി, കോട്ടയം ജില്ലകളിൽനിന്നുള്ളവരാണ് റോയിക്കൊപ്പം ഉണ്ടായിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

തൃശൂരില്‍ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് പേരാണ് വനംവകുപ്പിന്‍റെ കസ്റ്റഡിയിലുള്ളത്. പാലായില്‍നിന്നുള്ള സംഘമാണ് ആനയെ കുഴിച്ചിട്ടത്. ഇവർ ആനക്കൊമ്പ് വിൽക്കാനും കൂട്ടുനിന്നിട്ടുണ്ടെന്നാണ് കരുതുന്നത്. സ്ഥലമുടമ റോയി ഗോവയിലേക്ക് കടന്നതായായി വിവരം ലഭിച്ചതോടെ വനംവകുപ്പ് സംഘം ഗോവയിൽ എത്തി അന്വേഷണം തുടരുകയാണ്.


പട്ടിമറ്റത്തുനിന്ന് പിടികൂടിയ കൊമ്പ് വാഴക്കോട് കണ്ടെത്തിയ ആനയുടേതുതന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിക്കാൻ ഇന്ന് ഡിഎൻഎ പരിശോധന നടത്തും. പന്നിക്ക് വച്ച കെണിയിൽനിന്ന് ഷോക്കേറ്റ കാട്ടാനയെ റബർ തോട്ടത്തിൽ കുഴിച്ചിടുകയായിരുന്നുവെന്നാണ് പിടിയിലായവർ നൽകിയ മൊഴി.

എന്നാൽ ആനയെ ഷോക്കേൽപ്പിച്ച് കൊന്നുവെന്നാണ് അധികൃതർ കരുതുന്നത്. ഇതിനുപയോഗിച്ച വൈദ്യുതി കന്പികളും മറ്റും കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. മരണകാരണം വ്യക്തമാകാൻ‍ ആന്തരികാവയവങ്ങള്‍ ഉള്‍പ്പെടെ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആനയുടെ ജഡം പഴകിയതിനാല്‍ മരണകാരണം കണ്ടെത്താന്‍ പ്രയാസമാണെന്നും പറയുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<