ചൈനയിലെ സ്‌കൂള്‍ ജിം തകര്‍ച്ച: 11 മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നടുക്കുന്ന ദൃശ്യങ്ങളും പുറത്ത്
ചൈനയിലെ സ്‌കൂള്‍ ജിം തകര്‍ച്ച: 11 മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നടുക്കുന്ന ദൃശ്യങ്ങളും പുറത്ത്
Tuesday, July 25, 2023 7:52 PM IST
വെബ് ഡെസ്ക്
ഹോങ്കോംഗ്: ചൈനയിലെ കിഖ്വിഹാര്‍ നഗരത്തില്‍ സ്‌കൂളിലെ ജിംനേഷ്യത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയെന്ന് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്‍റെ ആകാശദൃശ്യങ്ങളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തിന്‍റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിനായി ക്രെയിന്‍ ഉപയോഗിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വടക്ക് കിഴക്കന്‍ ചൈനയിലുളള ലോംഗ്ഷ ജില്ലയിലെ 34-ാം നമ്പര്‍ മിഡില്‍ സ്‌കൂളില്‍ ഞായറാഴ്ചയായിരുന്നു സംഭവം. സ്‌കൂളിലെ വനിതാ വോളിബോള്‍ അംഗങ്ങള്‍ അവിടെ പരിശീലനം നടത്തുമ്പോഴായിരുന്നു അപകടം. ആകെ 19 പേരാണ് ആ സമയം ജിമ്മിലുണ്ടായിരുന്നത്. മരിച്ചവരില്‍ പരിശീലകനും വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. നാലുപേര്‍ രക്ഷപെട്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. 'സര്‍ക്കാര്‍ മാതാപിതാക്കളെ പിന്തുടരാന്‍ സര്‍ക്കാര്‍ പോലീസിനെ അയയ്ക്കുന്നു, എന്നാല്‍ തങ്ങളുടെ കുട്ടികള്‍ക്ക് എന്ത് പറ്റിയെന്ന് ചോദിച്ചാല്‍ അവര്‍ക്ക് മറുപടി ഇല്ല' എന്ന് ഈ വീഡിയോ ദൃശ്യങ്ങള്‍ക്ക് ഒരു പിതാവ് പ്രതികരിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ 16കാരിയായ മകള്‍ സ്‌കൂള്‍ വോളിബോള്‍ ടീം അംഗമാണ്.




ജിമ്മിന്‍റെ മേല്‍ക്കൂരയില്‍ ആവശ്യത്തിലേറെ സാധനങ്ങള്‍ കുത്തിനിറച്ചതാണ് അപകടത്തിന് കാരണമായതെന്നും ആരോപണം ഉയരുന്നുണ്ട്. സംഭവത്തിന് തലേ ദിവസങ്ങളില്‍ ഈ പ്രദേശത്ത് അതിശക്തമായ മഴയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<