പോലീസിന്‍റെ ജനറൽ ഡയറി എൻട്രി പോൽ ആപ്പ് വഴി ലഭ്യമാകും
പോലീസിന്‍റെ ജനറൽ ഡയറി എൻട്രി പോൽ ആപ്പ് വഴി ലഭ്യമാകും
Saturday, August 19, 2023 5:31 PM IST
വെബ് ഡെസ്ക്
തിരുവനന്തപുരം: കേരള പോലീസിന്‍റെ ജി ഡി എൻട്രി (ജനറൽ ഡയറി എൻട്രി) ഇനി മുതൽ പോൽ ആപ്പ് വഴി ലഭിക്കുമെന്ന് അറിയിപ്പ്. സംസ്ഥാന പോലീസ് സേനയുടെ സേവനങ്ങൾ ജനങ്ങൾക്ക് ഡിജിറ്റലായി നൽകുന്നതിന് വികസിപ്പിച്ച ആപ്പ് സൗജന്യമായി ഉപയോ​ഗിക്കാം.

ജി ഡി എൻട്രി ചോദിച്ച് വരുന്ന അപേക്ഷകൾ കൃത്യമായി പരിശോധിച്ച ശേഷമേ ഇത് ലഭിക്കൂ. ഇതിന്‍റെ വിശദവിവരങ്ങൾ കേരള പോലീസിന്‍റെ ഔദ്യോ​ഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

ചില സന്ദർഭങ്ങളിൽ മാത്രം വാഹനപരിശോധനയ്ക്ക് ശേഷമേ ജി ഡി എൻട്രി ലഭിക്കൂവെന്നും ആപ്പ് വഴി ഡൗൺലോഡ് ചെയ്യുന്ന എൻട്രി പ്രിന്‍റെടുത്ത് ഉപയോ​ഗിക്കാമെന്നും അറിയിപ്പിലുണ്ട്.

പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

"വണ്ടിയൊന്നു തട്ടി... ഇൻഷൂറൻ‍സ് കിട്ടാനുള്ള ജി ഡി എൻ‍ട്രി തരാമോ?” പോലീസ് സ്റ്റേഷനിൽ സ്ഥിരമായി കേൾ‍ക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങൾ സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്.

സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭിക്കുന്നതിന് കേരള പോലീസിന്‍റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സേവനം തികച്ചും സൗജന്യമാണ്.
സേവനം ലഭ്യമാകാൻ മൊബൈൽ ആപ്ലിക്കേഷനിൽ പേരും മൊബൈൽ നമ്പറും നൽകുക. ഒ.ടി.പി. മൊബൈലിൽ വരും.

പിന്നെ, ആധാർ‍ നമ്പർ‍ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരിക്കൽ റജിസ്ട്രേഷൻ‍ നടത്തിയാൽ പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾ‍ക്കും അതുമതി.വാഹനങ്ങളുടെ ഇൻഷൂറൻ‍സിന് GD എൻട്രി കിട്ടാൻ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ, മേൽവിലാസം എന്നിവ നൽകി തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്യേണ്ടതാണ്.


അതിനു ശേഷം ആക്‌സിഡന്‍റ് സംബന്ധിച്ച വിവരങ്ങൾ നൽകുകയും സംഭവത്തിന്‍റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും വേണം. വാഹനത്തിന്‍റെ വിവരങ്ങൾ കൂടി നൽകി അപേക്ഷ സബ്മിറ്റ് ചെയ്യാവുന്നതാണ്. അപേക്ഷയിന്മേൽ പോലീസ് പരിശോധന പൂർത്തിയായശേഷം ജി ഡി എൻ‍ട്രി അനുവദിക്കും.

അത് ആപ്പിൽ നിന്ന് ഡൌൺലോഡ് ചെയ്ത് പ്രിന്‍റ് എടുക്കാവുന്നതാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ വാഹനം പരിശോധിച്ച ശേഷമായിരിക്കും സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്.
ഈ സേവനം കേരള പോലീസിന്‍റെ തുണ വെബ്പോർട്ടലിലും ലഭ്യമാണ്.

അലക്ഷ്യമായ ഡ്രൈവിംഗ് മൂലം പരിക്കുകൾ പറ്റുകയോ മരണം സംഭവിക്കുകയോ ചെയ്യുന്ന അവസരത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് നിയമം അനുശാസിക്കുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ ഈ പേജിൽ വായിക്കാം.

പോൽ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്👇🏻
https://play.google.com/store/apps/details...
കേരള പോലീസിന്‍റെ തുണ പോർട്ടലിലേയ്ക്കുള്ള ലിങ്ക്👇🏻
https://thuna.keralapolice.gov.in/


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<