ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തുമായി ഇന്ന് തെളിവെടുപ്പ്
Wednesday, June 4, 2025 10:06 AM IST
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള പ്രതി സുകാന്തുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ഇരുവരും താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലും എറണാകുളത്തുമായിരിക്കും തെളിവെടുപ്പിന് എത്തിക്കുക.
സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പോലീസ് കണ്ടെത്തിയിരുന്നു. ഇയാളെ കോടതി വ്യാഴാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. യുവതിയുടെ മരണത്തിനു പിന്നാലെ ഒളിവിലായിരുന്ന സുകാന്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം കീഴടങ്ങിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
അതേസമയം അന്വേഷണത്തിന്റെ ഭാഗമായി സുകാന്തിന്റെ ലൈംഗികശേഷി പരിശോധനയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രതി സുകാന്ത് വിവാഹ വാഗ്ദാനം നൽകി ഐബി ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.