അനുമതി ലഭിച്ചു; റോയൽ ചലഞ്ചേഴ്സ് വിജയ റാലി നടത്തും
Wednesday, June 4, 2025 4:17 PM IST
ബംഗളൂരു: ഐപിഎൽ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ടീം അംഗങ്ങൾ ബംഗളൂരുവിൽ വിജയ റാലി നടത്തും. വിധാൻ സൗധ മുതൽ ചിന്നസ്വാമി സ്റ്റേഡിയം വരെയാണ് വിജയ റാലി നടത്തുന്നത്.
റാലി നടത്തുന്നതിന്റെ ഭാഗമായി വിധാൻ സൗധയ്ക്ക് മുന്നിൽ നിന്നും കസ്തൂർബ റോഡ് വരെ ഗതാഗതം നിരോധിച്ചു. റോയൽ ചലഞ്ചേഴ്സ് ടീം അംഗങ്ങളെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ചു.
നേരത്തെ, ബംഗളൂരുവില്‍ നടത്താനിരുന്ന വിജയറാലി റദ്ദാക്കിയിരുന്നു. അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പോലീസ് അവസാനനിമിഷം അനുമതി നിഷേധിക്കുകയായിരുന്നു.
ടീം അംഗങ്ങളെ വഹിച്ചുകൊണ്ടുള്ള ഓപ്പണ്‍ ബസിലെ വിക്ടറി പരേഡ് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇതോടെ, വൈകുന്നേരം അഞ്ചിന് ആർസിബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടീമിനെ ആദരിക്കുന്ന ചടങ്ങിൽ മാത്രമാക്കി വിജയാഘോഷം ഒതുക്കിയിരുന്നു.