"ഓപ്പറേഷന് സിന്ദൂര്‍' ഇന്ത്യ സമര്‍ഥമായി തെരഞ്ഞെടുത്ത നാമം: ശശി തരൂർ
Thursday, June 5, 2025 7:31 AM IST
വാഷിംഗ്ടൺ: ഓപ്പറേഷന് സിന്ദൂര്‍ എന്ന നാമം ഇന്ത്യ സമര്‍ഥമായി നല്‍കിയതാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ഓപ്പറേഷന് സിന്ദൂറിനെ കുറിച്ച് വിദേശ രാജ്യങ്ങളില്‍ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് തരൂരിന്റെ വിശദീകരണം.
യുഎസിലെ നാഷണല്‍ പ്രസ് ക്ലബില്‍ നടന്ന ഒരു പരിപാടിയിലാണ് ഓപ്പറേഷന് സിന്ദൂര്‍ എന്ന പേര് സ്വീകരിക്കാനുള്ള കാരണത്തെ പറ്റിയുള്ള ചോദ്യം ഉയര്‍ന്നത്. അതിന് ഉത്തരം നല്‍കുകയായിരുന്നു പ്രതിനിധി സംഘത്തിന്റെ തലവന്‍ കൂടിയായ ശശി തരൂര്‍.
'സിന്ദൂരം ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. വിവാഹിതരായ സ്ത്രീകളുടെ നെറ്റിയുടെ മധ്യഭാഗത്തായാണ് ഇത് പുരട്ടുന്നത്. ഹിന്ദുവിഭാഗത്തില്‍ നിന്നല്ലാത്ത സ്ത്രീകളും സിന്ദൂരം ഉപയോഗിക്കാറുണ്ട്. കല്ല്യാണത്തിന് ആരംഭിക്കുന്ന സിന്ദൂരമിടല്‍ കല്ല്യാണം കഴിഞ്ഞ ദിവസം മുതല്‍ സ്ത്രീകള്‍ തുടരുന്നു.'-ശശി തരൂർ പറഞ്ഞു.
പഹല്‍ഗാമില്‍ തീവ്രവാദികള്‍ ചെയ്തത് ഭാര്യമാരുടെയും കുട്ടികളുടെയും മുന്നിൽ പുരുഷന്മാരെ വെടിവച്ചുകൊല്ലുകയും സ്ത്രീകളെ വെറുതെ വിടുകയുമാണ്. എന്നെയും കൊല്ലൂ എന്ന് ഒരു സ്ത്രീ നിലവിളിച്ചപ്പോൾ, ഇല്ല, നീ തിരിച്ചു പോയി ഞങ്ങൾ എന്താണ് ചെയ്തതെന്ന് അവരോട് പറയൂ എന്നായിരുന്നു തീവ്രവാദികളുടെ ഉത്തരം' എന്നും ശശി തരൂര്‍ പറഞ്ഞു.