മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; നടൻ സൗബിന് നോട്ടീസ്
Thursday, June 5, 2025 10:56 AM IST
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനാണ് നിർദേശം.
സൗബിന് പുറമേ ചിത്രത്തിന്റെ സഹനിർമാതാക്കളായ ബാബു ഷാഹിറിനും ഷോൺ ആന്റണിക്കും നോട്ടീസ് നൽകിയിട്ടുണ്ട്. കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു.
സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സിനിമയ്ക്കായി പലപ്പോഴായി മുടക്കിയ ഏഴ് കോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനൽകിയില്ലെന്നായിരുന്നു സിറാജിന്റെ പരാതി. തുടര്‍ന്ന് ഇതില്‍ അന്വേഷണത്തിന് എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയത്.