അടിമാലിയിൽ കാൻസർ രോഗബാധിതയെ കെട്ടിയിട്ട് പണം കവർന്നു
Thursday, June 5, 2025 3:43 PM IST
ഇടുക്കി: അടിമാലിയിൽ കാൻസർ രോഗബാധിതയെ കെട്ടിയിട്ട് പണം കവർന്നതായി പരാതി. വിവേകാനന്ദ നഗർ സ്വദേശി കളരിക്കൽ ഉഷ സന്തോഷിനെയാണ് കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകിയ ശേഷം പണം കവർന്നത്.
വീട്ടിലുണ്ടായിരുന്ന 16000 രൂപയാണ് നഷ്ടമായത്. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. കീമോ തെറാപ്പിക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്നു ഇവർ.
വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. അയൽവാസികൾ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ഉടനെ അടിമാലി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കാൻസർ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഇവർ. ഉഷയും ഭര്‍ത്താവും മകളും മാത്രമാണ് വീട്ടിലുള്ളത്. നാട്ടുകാർ ചേർന്നാണ് ഇവരുടെ ചികിത്സയ്ക്കാവശ്യമായ പണം പിരിച്ചുനൽകിയത്. ഈ തുകയുൾപ്പെടെയാണ് മോഷണം പോയത്.