അൻവർ പിൻമാറിയില്ല; കത്രിക ചിഹ്നത്തിൽ മത്സരിക്കും
Thursday, June 5, 2025 4:52 PM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മത്സരരംഗത്തു നിന്ന് പി.വി.അൻവർ പിൻമാറിയില്ല. പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ പത്തുപേരാണ് മത്സരരംഗത്തുള്ളത്.
സ്വതന്ത്രനായി മത്സരിക്കുന്ന അൻവറിന് കത്രിക ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോൾ ലഭിച്ച ഓട്ടോറിക്ഷ ചിഹ്നം വേണമെന്ന് അൻവർ ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് വഴങ്ങിയില്ല.
ഓട്ടോറിക്ഷ നിലവിൽ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ചിഹ്നമായതിനാൽ ഇത് അനുവദിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കത്രിക ചിഹ്നം ലഭിച്ചതില്‍ സന്തോഷമെന്ന് അന്‍വര്‍ പറഞ്ഞു.
പിണറായി വിജയനും വി.ഡി.സതീശനും തന്നെ കത്രിക പൂട്ടിട്ടാണ് പൂട്ടിയത്. കത്രിക പൂട്ടിട്ട രണ്ട് പേരെയും ജനങ്ങള്‍ കത്രിക കൊണ്ട് വെട്ടുമെന്നും അന്‍വര്‍ വ്യക്തമാക്കി.