ഒരു വർഗീയവാദിയുടെയും വോട്ട് എൽഡിഎഫ് വാങ്ങിയില്ലെന്ന് സ്വരാജ്
Monday, June 23, 2025 12:32 PM IST
നിലമ്പൂർ: ഒരു വർഗീയവാദിയുടെയും വോട്ട് എൽഡിഎഫ് തെരഞ്ഞെടുപ്പിൽ വാങ്ങിയില്ലെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന് താൻ കരുതുന്നില്ല. എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ ആകെ ജനം നിരാകരിച്ചുവെന്ന് പറയാൻ കഴിയില്ല. എങ്കിലും ഉപതെരഞ്ഞെടുപ്പ് ഫലം പാർട്ടി വിലയിരുത്തുമെന്നും തുടർ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്തിന് എല്ലാ അഭിനന്ദനവും നേരുന്നുവെന്നും കുറച്ചു കാലമേ ഉള്ളുവെങ്കിലും മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയട്ടെ എന്നും എം.സ്വരാജ് പറഞ്ഞു.