ജലനിരപ്പുയരുന്നു; കബനി നദിയിൽ യെല്ലോ അലർട്ട്, തീരത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ്
Wednesday, June 25, 2025 2:47 PM IST
തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വയനാട് ജില്ലയിലെ കബനി (കാക്കവയൽ സ്റ്റേഷൻ) നദിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.