ശിവഗംഗ കസ്റ്റഡി മരണം; അഞ്ച് പോലീസുകാർ അറസ്റ്റിൽ
Tuesday, July 1, 2025 7:01 AM IST
ചെന്നൈ: തമിഴ്നാട്ടിലെ ശിവഗംഗയിൽ യുവാവ് കസ്റ്റഡിയിൽ വച്ച് മരിച്ച സംഭവത്തിൽ അഞ്ച് പോലീസുകാരെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി.
മദ്രാസ് ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്. മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത 27 വയസുകാരനായ ബി. അജിത് കുമാർ ആണ് തിരുപ്പുവനം പോലീസ് സ്റ്റേഷനിൽ വച്ച് മരിച്ചത്.
ശിവഗംഗ മടപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായിരുന്നു അജിത് കുമാർ. മധുര സ്വദേശിയായ നികിത എന്ന സ്ത്രീയുടെ പരാതിയെ തുടർന്നാണ് അജിത് ഉൾപ്പെടെ അഞ്ച് ക്ഷേത്രജീവനക്കാരെ വെള്ളിയാഴ്ച പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
അമ്മയ്ക്കൊപ്പം ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ കാറിന്റെ താക്കോൽ അജിത്തിനെ ഏൽപ്പിച്ചെന്നും, മടങ്ങിയെത്തിയപ്പോൾ ബാഗിലുണ്ടായിരുന്ന ഒൻപതര പവൻ സ്വർണാഭരണങ്ങൾ നഷ്ടമായെന്നും നികിത പരാതിയിൽ പറഞ്ഞിരുന്നു. മോഷണവുമായി തനിക്ക് ബന്ധമില്ലെന്ന് അജിത് പോലീസിന് മൊഴി നൽകിയിരുന്നു.
എന്നാൽ, കഴിഞ്ഞദിവസം അജിത്തിനെ പോലീസ് സംഘം വീണ്ടും കസ്റ്റഡിയിലെടുത്തു. പോലീസ് വാനിൽ വെച്ച് അജിത്തിനെ ക്രൂരമായി മർദ്ദിച്ചെന്നും സ്റ്റേഷനിലെത്തും മുൻപ് മരണം സംഭവിച്ചെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.