വീട്ടുമുറ്റത്ത് കിടന്ന കാർ കത്തിച്ച സംഭവം; മുൻവൈരാഗ്യമെന്ന് പ്രതി
Saturday, July 5, 2025 10:01 PM IST
ചെങ്ങന്നൂർ: വീട്ടുമുറ്റത്ത് കിടന്ന കാർ അർധരാത്രിയിലെത്തി പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിന് കാരണം മുൻവൈരാഗ്യമെന്ന് പിടിയിലായ പ്രതി.
ചെങ്ങന്നൂർ മുളക്കുഴ ഇടയനേത്ത് വീട്ടിൽ സലിംകുമാർ (അനൂപ് -38) ആണ് ചെങ്ങന്നൂർ പോലീസിന്റെ പിടിയിലായത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വ്യാഴാഴ്ച അർധരാത്രി 12.30ഓടെയാണ് ചെങ്ങന്നൂർ നഗരസഭ 25-ാം വാർഡിൽ റെയിൽവേ സ്റ്റേഷന് പുറകുവശം താമസിക്കുന്ന കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് കിടന്ന കാർ പ്രതി പെട്രോൾ ഒഴിച്ച് തീവെച്ച് നശിപ്പിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
വെള്ളിയാഴ്ച അർധരാത്രി മുളക്കുഴയിലെ വീടിന് സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. മുൻ വൈരാഗ്യമാണ് കാരണമെന്ന് പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു.
വാഹനം കത്തിക്കാൻ ആവശ്യമായ പെട്രോൾ എവിടെ നിന്ന് വാങ്ങിയെന്നും കൈകൾക്ക് പൊള്ളലേറ്റ് ആശുപത്രികളിൽ ആരെങ്കിലും ചികിത്സ തേടിയിട്ടുണ്ടോയെന്നും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
ചെങ്ങന്നൂർ ഡിവൈഎസ്പി ടി. ബിനുകുമാറിന്റെ നേതൃത്വത്തിൽ സിഐ എ.സി. വിപിൻ, എസ്ഐ എസ്. പ്രദീപ്, എഎസ്ഐ. ഹരികുമാർ സിപിഒമാരായ ദിനേശ് കാർത്തിക്ക്, എസ്. ശ്യാം, എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.