തലപ്പാറ അപകടം: തോട്ടിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Tuesday, July 8, 2025 10:27 AM IST
മലപ്പുറം: തലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് തോട്ടിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നിയൂർ ആലിൻചുവട് സ്വദേശി ഹാഷിറിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഒന്നര ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നു രാവിലെയാണ് ഹാഷിറിന്റെ മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച വൈകുന്നേരം ആറിനാണ് തലപ്പാറ ചെറിയ പാലത്തിൽ വെച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഹാഷിർ പുഴയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടം സംഭവിച്ചതിന് 500 മീറ്റർ അകലെയായിരുന്നു മൃതദേഹം.
ശക്തമായ ഒഴുക്കുള്ള പുഴയിൽ നാട്ടുകാരും അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് രാത്രിയിൽ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടത്താനായിരുന്നില്ല.