കോന്നി ക്വാറി അപകടം: അപകടകരമായ സാഹചര്യം മറച്ചുവച്ചതായി ആക്ഷേപം
Tuesday, July 8, 2025 1:37 PM IST
കോന്നി: അത്യന്തം അപകടകരമായ സാഹചര്യത്തിലാണ് പയ്യനാമണ്‍ ചെങ്കുളത്ത് ക്വാറിയില്‍ ഇന്നലെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ജോലിയെടുപ്പിച്ചതെന്നു പ്രാഥമിക നിഗമനം.
അപകടത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച റവന്യൂ, ജിയോളജി, പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഇതു വിലയിരുത്തി. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു.
കോന്നി താഴം വില്ലേജിലാണ് അപകടമുണ്ടായ ക്വാറി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന തൊഴില്‍ വകുപ്പും ഉത്തരവായി. പൊട്ടിച്ചു മാറ്റിയ പാറമടയുടെ ഇടുക്കുകളില്‍ ഹിറ്റാച്ചി ഉപയോഗിച്ചാണ് ഇവര്‍ ജോലിയെടുത്തിരുന്നത്.
യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. അപകടത്തേത്തുടര്‍ന്ന് പാറമടയിലെ മറ്റു ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉടമയുമായി ബന്ധപ്പെട്ടവര്‍ സ്ഥലത്തെത്തിയശേഷമാണു ഫയര്ഫ്സില് വിവരം അറിയിച്ചത്.
വെടിമരുന്ന് ഉപയോഗിച്ചുള്ള സ്ഫോടനം അതീവ അപകടകരമായതിനാല്‍, കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിയമങ്ങളും പാലിക്കണമെന്ന നിര്‍ദേശമുള്ളതാണ്. സ്ഫോടനങ്ങള്‍ നടത്താന്‍ ലൈസന്‍സുള്ള വിദഗ്ധരെ മാത്രമേ ഇതിന് അനുവദിക്കാവൂവെന്നും ജിയോളജി വകുപ്പ് പറയുന്നു. ചെങ്കളം പാറമടയില്‍ സ്ഫോടനങ്ങള്‍ കാരണം ശബ്ദം, പൊടി, ഭൂകമ്പ പ്രകമ്പനങ്ങള്‍ എന്നിവ പതിവാണെന്നു പരിസരവാസികള്‍ പറയുന്നു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ അളവില്‍ പാറ പൊട്ടിച്ചുമാറ്റുകയെന്നതാണു രീതി. കോന്നിയിലെ പല സ്വകാര്യ പാറമടകളുടെയും പ്രവര്‍ത്തനം ഈ രീതിയിലാണ്. അനുമതി നല്കുന്ന ബന്ധപ്പെട്ട വകുപ്പുകള്‍ പിന്നീട് ഇവിടേയ്ക്കു തിരിഞ്ഞു നോക്കാറില്ല.
മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പാണ് പ്രധാനമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതും അനുമതികള്‍ നല്കുന്നതുമെങ്കിലും കൃത്യമായി ഇടപെടല്‍ ഇവര്‍ നടത്താറില്ലെന്നും പറയുന്നു.