രണ്ടാം ടെസ്റ്റിലും ഗംഭീര ജയം; സിംബാബ്വെയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക
Tuesday, July 8, 2025 7:49 PM IST
ബുലവായോ: ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് കീരിടം നേടിയതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരന്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക. സിംബാംബ്വെയ്ക്കെതിരായ ടെസ്റ്റ് പരന്പരയാണ് ദക്ഷിണാഫ്രിക്ക തൂത്തുവാരിയത്.
ആദ്യ ടെസ്റ്റിൽ 328 റൺസിന് വിജയിച്ച ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സിനും 236 റൺസിനുമാണ് ജയിച്ചത്. ഒന്നാം ഇന്നിംഗ്സിൽ 506 റൺസ് ലീഡ് വഴങ്ങിയ സിംബാംബ്വേ രണ്ടാം ഇന്നിംഗ്സിൽ 220 റൺസിന് പുറത്തായി. തിങ്കളാഴ്ച 51-1 എന്ന സ്കോറിലായിരുന്നു സിംബാബ്വെ ക്രീസ് വിട്ടത്.
ഇന്ന് ആദ്യ സെഷനില്‍ 92 റണ്‍സ് അടിച്ചെടുത്തെങ്കിലും തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. 55 റൺസെടുത്ത നിക്ക് വെൽഷാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ക്രെയ്ഗ് ഇർവിൻ 49 റൺസെടുത്തു. കോർബിൻ ബോഷ് നാലും സെനുരാൻ മുത്തുസ്വാമി മൂന്നും കോഡി യൂസുഫ് രണ്ടും വിക്കറ്റ് വീഴ്ത്തി.
പുറത്താവാതെ 367 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ വിയാൻ മുൾഡറാണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരീസും. ദക്ഷിണാഫ്രിക്ക-സിംബാബ്വെ പരമ്പര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലാത്തതിനാല്‍ ടെസ്റ്റ് പരമ്പര തൂത്തുവാരിയിട്ടും നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്കക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ പോയന്റൊന്നും നേടാനായിട്ടില്ല.
നവംബറില്‍ ഇന്ത്യക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത ടെസ്റ്റ് പരമ്പര. മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യയില്‍ നടക്കുന്ന പരമ്പരയിലുള്ളത്.