"പഴ്സ് നഷ്ടപ്പെട്ട' എഎസ്പി പരാതിയുമായി പോലീസ് സ്റ്റേഷനിൽ; പോലീസുകാർ ചെയ്തത്...
Monday, June 15, 2020 8:15 PM IST
പെരിന്തൽമണ്ണയിൽ പുതുതായി ചുമതലയേറ്റ എഎസ്പി ഹേമലത പോലീസ് സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തിയത് പരാതിക്കാരിയുടെ വേഷത്തിൽ. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്പോൾ പഴ്സ് നഷ്ടപ്പെട്ടെന്ന പരാതിയുമായാണ് പെരിന്തൽമണ്ണ സ്റ്റേഷനിൽ എഎസ്പി എത്തിയത്.
മലയാളം അറിയാത്ത പരാതിക്കാരിയോടു സ്റ്റേഷനിലെ പിആർഒ ഷാജി ഇംഗ്ലീഷിലും മലയാളത്തിലുമായി കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. തുടർന്നു പരാതി എഴുതി തരാൻ ആവശ്യപ്പെട്ടു. ഉടനെ പോലീസ് സ്റ്റേഷനിൽ നിന്നു കെഎസ്ആർടിസി ഓഫീസിലേക്ക് ബന്ധപ്പെടുകയും വിവരമറിയിക്കുകയും ചെയ്തു. പരാതി എഴുതിനൽകി എഎസ്പി തിരിച്ചു പോയി. സ്റ്റേഷനിലെ പോലീസുകാർ പരാതിക്കാരോട് എങ്ങിനെയാണ് പെരുമാറുന്നതെന്നറിയാനാണ് വേഷംമാറി പോയതെന്നും സൗഹാർദപരമായും സഹായമനസോടും കൂടിയുമാണ് പോലീസുകാർ പെരുമാറിയതെന്നും എഎസ്പി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
പരാതിക്ക് താൻ രസീത് ആവശ്യപ്പെട്ടില്ലെങ്കിലും അതു നൽകാൻ പിആർഒ തയാറായി. പരാതി നൽകിയാൽ രശീതി നിർബന്ധമായും വാങ്ങണമെന്ന് പോലീസുകാർ തന്നെ ഉപദേശിച്ചതായും എഎസ്പി പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോൾ തന്നെ സാനിറ്റൈസർ നൽകുകയും ഇരിക്കാൻ പറയുകയും ചെയ്തു. പോലീസുകാരെ എഎസ്പി അഭിനന്ദിച്ചു.