കിംഗായി ഇരിക്കണമെങ്കിൽ ചിന്തിച്ചിട്ടു സംസാരിക്കു; കോഹ്ലിക്ക് സിദ്ധാർഥിന്റെ ഉപദേശം
Thursday, November 8, 2018 4:49 PM IST
തന്റെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്ത് കഴിഞ്ഞ് ആരാധകരുമായുള്ള സംവാദത്തിനിടെ തന്നെ വിമർശിച്ച ക്രിക്കറ്റ് പ്രേമിയോട് ഇന്ത്യ വിട്ട് പോകുവാൻ ആവശ്യപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി വിവാദ കുരുക്കിൽ.
"വിരാട് കോഹ്ലി അമിതമായി ആഘോഷിക്കപ്പെടുന്ന കളിക്കാരനാണ്. അദ്ദേഹത്തിന്റെ ബാറ്റിംഗിൽ പ്രത്യേകതകളൊന്നുമില്ല. ഇംഗ്ലീഷ്, ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ ബാറ്റിംഗ് ആണ് എനിക്കിഷ്ടം' എന്നായിരുന്നു ഒരു ക്രിക്കറ്റ് പ്രേമി കോഹ്ലിക്ക് അയച്ച സന്ദേശത്തിൽ എഴുതിയിരുന്നത്.
ഈ കോഹ്ലിയെ പ്രകോപിതനാക്കി. മാത്രമല്ല രോഷാകുലനായ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. "ഓകെ, അങ്ങനയെങ്കിൽ നിങ്ങൾ ഇന്ത്യയിൽ ജീവിക്കണ്ടയാളല്ല. വേറെ എവിടെയെങ്കിലും പോയി ജീവിച്ചു കൂടെ. എന്തിനാണ് ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് മറ്റ് രാജ്യങ്ങളെ സ്നേഹിക്കുന്നത്. എന്നെ നിങ്ങൾക്ക് ഇഷ്ടമല്ല എന്നത് എനിക്ക് പ്രശ്നമല്ല, പക്ഷെ ഇവിടെ ജീവിച്ചിട്ട് മറ്റ് രാജ്യക്കാരെ സ്നേഹിക്കുന്നത് ശരിയല്ല. നിങ്ങളുടെ മുൻഗണനകൾ ആദ്യം ശരിയാക്കു'. കോഹ്ലി പറഞ്ഞു.
എന്നാൽ വലിയൊരു വിവാദത്തിനാണ് അദ്ദേഹത്തിന്റെ വാക്കുകൾ തിരികൊളുത്തിയത്. നടൻ സിദ്ധാർഥ് ഉൾപ്പടെ നിരവധിയാളുകളാണ്കോഹ്ലിയുടെ പരാമർശത്തിന് മറുപടി നൽകി രംഗത്തെത്തിയിരിക്കുന്നത്.
"കിംഗ് കോഹ്ലി കിംഗായി തന്നെ ഇരിക്കണമെങ്കിൽ ചിന്തിച്ചിട്ടു മാത്രം സംസാരിക്കു, കോഹ്ലിയുടെ സ്ഥാനത്ത് രാഹുൽദ്രാവിഡ് ആയിരുന്നുവെങ്കിൽ ഇത്തരം കാര്യങ്ങളോട് എങ്ങനെയായിരിക്കും പ്രതികരിക്കുക. ഇന്ത്യൻ നായകനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടിയാണിത്'. നടൻ സിദ്ധാർഥ് കുറിച്ചു. രണ്ടു വർഷം മുമ്പ് ഓസ്ട്രേലിയൻ ഒപ്പണിൽ വിജയം നേടിയ ആഞ്ജെലിക് കെർബറിനെ അഭിനന്ദിച്ച് കോഹ്ലി പങ്കുവച്ച ട്വീറ്റ് ഉൾപ്പടെ കുത്തിപ്പൊക്കിയാണ് ആളുകൾ പ്രതികരിക്കുന്നത്.
ഇന്ത്യയിലെ ടെന്നീസ് താരങ്ങളായ യുകി ഭാംബ്രി, സകേത് എന്നിവരെക്കാൾ കൂടുതൽ അധികം റോജർ ഫെഡററെ ആരാധിക്കുന്ന കോഹ്ലി സ്വിറ്റ്സർലൻഡിലേക്കു പോകണമെന്നും ക്രിക്കറ്റ് പ്രേമികൾ ആവശ്യപ്പെടുന്നുണ്ട്. വിർശനപ്പെരുമഴയിൽ നനഞ്ഞ് കുളിച്ച കോഹ്ലി സംഭവത്തോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.