"മറക്കുവാനൊക്കില്ലല്ലൊ'; കോവിഡ് മൂലം മരിച്ച ഭാര്യയുടെ പ്രതിമ വീട്ടില്‍ സ്ഥാപിച്ച ഒരാളെക്കുറിച്ച്
Tuesday, January 3, 2023 2:29 PM IST
ചില ബന്ധങ്ങള്‍ വാക്കുകള്ക്കതീതമാണല്ലൊ. അത് മിക്കപ്പോഴും മറ്റുള്ളവര്‍ക്ക് അറിയണമെന്നില്ല. മിക്കവരും അവരുടെ ബന്ധങ്ങളുടെ ആഴം അത്ര പുറത്തുകാട്ടാറുമില്ല.
കോവിഡ് കാലത്ത് തന്നെ വിട്ടുപോയ ഭാര്യയ്ക്കായി വീട്ടില്‍ സിലിക്കണ്‍ പ്രതിമ ഒരുക്കിയ ഒരു ഭര്‍ത്താവാണിപ്പോള്‍ നെറ്റിസണിലെ ചര്‍ച്ച. കോല്‍ക്കത്തയിലെ കൈഖലിയില് ഉള്ള 65കാരനായ തപസ് സാന്‍ഡില്യ ആണ് ഭാര്യയ്ക്കായി ഇത്തരമൊരു ഓര്മ തീര്‍ത്തത്. 30 കിലോ ഭാരമുള്ള ഒരു സിലിക്കണ്‍ പ്രതിമയാണ് അദ്ദേഹം തീര്‍ത്തത്.
കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനിടെ 2021 മേയ് നാലിനാണ് തപസിന്റെ ഭാര്യ ഇന്ദ്രാണി മരിച്ചത്. ഭാര്യയുടെ കൂടി ആഗ്രഹപ്രകാരമാണ് താനിത്തരത്തില്‍ ഒരു പ്രതിമ തീര്‍ത്തതെന്ന് തപസ് പറയുന്നു.
കാലങ്ങള്‍ക്ക് മുമ്പ് മായാപൂരിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ച വേളയില്‍ ഈ ഭാര്യഭര്ത്താക്കന്മാര് ഭക്തിവേദാന്ത സ്വാമിയുടെ ജീവസുറ്റപ്രതിമ കണ്ടിരുന്നു. അതില്‍ വിസ്മയിച്ച ഇന്ദ്രാണി താനാണ് ആദ്യം മരിക്കുന്നതെങ്കില്‍ ഇത്തരത്തിലൊരു പ്രതിമ തീര്‍ക്കണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു.
മ്യൂസിയങ്ങള്‍ക്കായുള്ള സിലിക്കണ്‍ ശില്പങ്ങള്ക്ക് പേരുകേട്ട ശില്പിയായ സുബിമല്‍ ദാസാണ് ഈ പ്രതിമ സൃഷ്ടിച്ചത്. ഏകദേശം ആറുമാസത്തോളമെടുത്താണ് സുബിമല്‍ ഇത് പൂര്‍ത്തിയാക്കിയത്.
ഏറ്റവും വെല്ലുവിളി നിറഞ്ഞ പദ്ധതികളിലൊന്ന് എന്നാണ് സുബിമല്‍ ദാസ് ഈ പ്രതിമയെ വിശേഷിപ്പിച്ചത്. പ്രതിമയ്ക്ക് ഒരു റിയലിസ്റ്റിക് മുഖഭാവം ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. അതിനായി താന്‍ ഇന്ദ്രാണിയുടെ മുഖത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ഫോട്ടോഗ്രാഫുകള്‍ "പ്രാരംഭ ഡാറ്റ’ ആയി ശേഖരിച്ചു,
ആദ്യം ഒരു കളിമണ്‍ മാതൃക ഉണ്ടാക്കി; ഇത് ഫൈബര്‍ മോള്ഡിംഗിന്റെയും സിലിക്കണ്‍ കാസ്റ്റിംഗിന്റെയും അടിസ്ഥാനമാക്കി. വസ്ത്രങ്ങളുടെ അളവ് കൃത്യമാക്കാനായി ഇന്ദ്രാണിയുടെ വസ്ത്രങ്ങള്‍ തയ്ച്ചിരുന്ന തുന്നല്‍ക്കാരന്റെ സഹായം സുബിമല്‍ തേടിയിരുന്നു.
ഒടുവില്‍ ഇന്ദ്രാണിയുടെ ജീവസുറ്റ സിലിക്കണ്‍ ശില്പം സുബിമല്‍ പൂര്‍ത്തിയാക്കി. അങ്ങനെ 2.5 ലക്ഷത്തിലധികം രൂപ മുടക്കി തപസ് തന്റെ ഭാര്യയുടെ മോഹം സഫലീകരിച്ചു.
പ്രതിമ വിഐപി റോഡിലെ ഇന്ദ്രാണിയുടെ വീട്ടിലെ സോഫയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ദ്രാണിക്ക് ഏറ്റവും പ്രിയപ്പെട്ട ആടയാഭരണങ്ങളോടെയാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്.
ഈ ഉദ്യമത്തെ തപസിന്റെ വീട്ടുകാര്‍ ആദ്യം എതിര്‍ത്തിരുന്നു. ഒടുവില്‍ അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവര്‍ ശില്പം തീര്‍ക്കാന്‍ സമ്മതിച്ചത്. ആരുടെയെങ്കിലും മരണശേഷം നമുക്ക് ഫ്രെയിം ചെയ്ത ഫോട്ടോഗ്രാഫുകള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് പ്രതിമ ഉണ്ടാക്കിക്കൂടാ എന്നാണ് തപസ് മറുപടിയായി ചോദിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലും വിഭിന്നമായ പ്രതികരണങ്ങള്‍ ഇക്കാര്യത്തില്‍ കാണാനാകുന്നുണ്ട്. എന്നിരുന്നാലും തുടക്കത്തില്‍ പറഞ്ഞതുപോലെ ഇരുവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം മറ്റുള്ളവര്ക്കറിയണമെന്നില്ലല്ലൊ...