ഓട്ടോയില്‍ നിന്നു വീണ കുഞ്ഞിനെ രക്ഷിച്ചു പോലീസുകാരന്‍; സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം
സ്വന്തം ജീവനേക്കാള്‍ മറ്റുള്ളവരുടെ ജീവന് വില കല്പിക്കുന്നവര്‍ ഇപ്പോള്‍ അപൂര്‍വമാണ്. എന്നാല്‍ അത്തരമൊരു സാഹസികത ചെയ്ത് ഒരു കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ച ഒരു ട്രാഫിക് പോലീസുകാരനാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ താരം.

സുന്ദര്‍ ലാല്‍ എന്ന ട്രാഫിക് പോലീസുകാരനാണ് ഇങ്ങനെ കൈയടി നേടുന്നത്. അദ്ദേഹം ട്രാഫിക് നിയന്ത്രിച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടേക്ക് വരുന്ന ഇലക്ട്രിക് ഓട്ടോയെ വീഡിയോയില്‍ കാണാം. ഓട്ടോ വളയുമ്പോള്‍ പെട്ടെന്ന് അതിലിരുന്ന ഒരു കുട്ടി റോഡിലേക്ക് തെറിച്ചു വീഴുന്നുണ്ട്. മറുവശത്ത് നിന്ന് ഒരു ബസ് പാഞ്ഞു വരുന്നതും വീഡിയോയിലുണ്ട്.

അപകട സാധ്യത മനസിലാക്കിയ സുന്ദര്‍ ലാല്‍ പെട്ടെന്ന് തന്നെ ബസിന് മുന്നിലൂടെ ചാടി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ബസ് പെട്ടെന്ന് നിര്‍ത്തിതിനാല്‍ വലിയ അപകടം ഒഴിവായി. ഓട്ടോയില്‍ നിന്ന് കുഞ്ഞിന്‍റെ അമ്മ എത്തുകയും കുട്ടിയെ ഏറ്റു വാങ്ങുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.

ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ഈ കാര്യം ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് വീഡിയോ വൈറലായത്. 1.1 മില്ല്യണ്‍ ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടുകഴിഞ്ഞത്. നിരവധിയാളുകള്‍ ഈ പോലീസുകാരനെ പുകഴ്ത്തി വീഡിയോ പങ്കുവയ്ക്കുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.