നിലവിളിക്കുന്ന ചിത്രങ്ങള്‍..
Wednesday, August 19, 2020 4:10 PM IST
ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രഫി ദിനമാണ്. ലോകം ഏറ്റവും ഭീതിയോടെയും വേദനയോടെയും നോക്കിയ ചിത്രങ്ങള്‍ പകര്‍ത്തിയ മനുഷ്യന് തന്റെ കഴിവില്‍ മനം നൊന്തു കരഞ്ഞു, ഫോട്ടോഗ്രഫറായതില് തന്നെത്തന്നെ ശപിച്ചു.
താന്‍ പകര്‍ത്തുന്ന ഫോട്ടോയുടെ ഫിലിം ഡാര്‍ക്ക് റൂമില്‍ പ്രോസസ് ചെയ്യുംമുമ്പേ തന്റെ മുന്നിലിരിക്കുന്ന മനുഷ്യര്‍ കൊല്ലപ്പെടുമെന്നറിഞ്ഞുകൊണ്ട് അവരോട് ചിരിക്കാന്‍ പറഞ്ഞ ഫോട്ടോഗ്രഫര്‍ ആരാണ്..?
തന്റെ കാമറയ്ക്ക് മുന്നില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് പോസു ചെയ്ത മനുഷ്യരുടെ ശവക്കൂനയുടെ ഫോട്ടോയെടുക്കാനും വിധിക്കപ്പെട്ട ഹതഭാഗ്യനായ ഒരു മനുഷ്യനുണ്ട്, നാസികളുടെ മുഖ്യ കൊലക്കളമായ പോളണ്ടിലെ ഔഷ്വിറ്റ്സിലെ ക്യാമ്പ് ഫോട്ടോഗ്രഫര്‍ വില്‍ഹെം ബ്രെയ്സിയാണ് ആ ഫോട്ടോഗ്രാഫര്‍.

വില്‍ഹെം ബ്രെയ്സിയുടെ വാക്കുകള്‍
"നാസികളുടെ കോൺസൺട്രേഷന് ക്യാമ്പിലെ പ്രധാനി ഡോക്ടര്‍ ജോസഫ് മീഗീലിയുടെ മുന്നിൽ തണുത്തുവിറച്ച് നഗ്നരായി നിന്ന യഹൂദ പെൺകുട്ടികളുടെ ഭയന്നുവിറച്ച കണ്ണുകള്‍ എന്നെ തുറിച്ചുനോക്കി. കൊടുംതണുപ്പില്‍ വിശന്നുതളര്‍ന്ന അവരുടെ നഗ്ന ശരീരത്തെ നോക്കി വൃത്തികെട്ട തമാശ പറയുന്ന നാസി ഡോക്ടര്‍മാര്‍. ആവശ്യപ്പെട്ടപോലെ ഫോട്ടോ എടുത്ത് ഞാന്‍ മടങ്ങി.
എന്റെ പിന്നില്‍ ഡോക്ടര്‍ മീഗീലി ക്ലിനിക്കിന്റെ വാതില്‍ അടച്ചു. വിറയ്ക്കുന്ന കാലുകളോടെ ഞാന്‍ വേഗം നടന്നു. പിന്നില്‍ ഞരമ്പുകളെ തളര്‍ത്തുന്ന നിലവിളി. ഡോ.മിഗീലിയും കൂട്ടാളികളും മരവിപ്പിക്കാതെ അവരുടെ കിളുന്തു ശരീരത്തില്‍ വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുകയാണ്.
പിന്നീട് ഗ്യാസ് ചേമ്പറിന്റെ തണുത്ത തറയിലും അവരില്‍ പലരുടെയും മുഖം ഞാന്‍ തിരിച്ചറിഞ്ഞു. ഏതാനും മണിക്കൂര്‍ മുമ്പ് എന്റെ കാമറയ്ക്ക് മുന്നില്‍ ഭയന്ന കണ്ണുകളോടെ എന്നെ തുറിച്ചു നോക്കിയ അതേ മിഴികള്‍. അവരുടെ പാതി വിടര്‍ന്ന ചുണ്ടുകള്‍ എന്തോ പറയാന്‍ ബാക്കിവച്ചതുപോലെ.
ഉറക്കം വരാത്ത രാത്രികളില്‍ ഞാന്‍ കരഞ്ഞു. ജീവിക്കാന്‍ ഫോട്ടോഗ്രാഫി തെരഞ്ഞെടുത്തതില്‍ ഞാന്‍ എന്നെതന്നെ ശപിച്ചു. എന്റെ പ്രിയപ്പെട്ട കാമറ എനിക്ക് പേടിയാണ് സമ്മാനിച്ചത്.''

നാസി തടങ്കല്‍ പാളത്തിന്റെ ക്യാമ്പ് ഫോട്ടോഗ്രാഫര്‍ വില്‍ഹെം ബ്രെയ്സി ഓര്‍മ്മകളുടെ പുസ്തകത്തില്‍ പറഞ്ഞതാണ് മേലുദ്ധരിച്ച വരികള്‍. ഇത്രമാത്രം മനുഷ്യക്കുരുതിക്ക് സാക്ഷ്യം വഹിച്ച വേറെ ഒരു ഫോട്ടോഗ്രാഫര്‍ ലോകത്തുണ്ടാകില്ല.
ബ്രെയ്സിയുടെ വാക്കുകള്‍ ''നാസികള്‍ കൊല്ലാന്‍ കൊണ്ടുവന്ന ശിശുക്കളുടെയും കൊച്ചു പെകുട്ടികളുടെയും പ്രായമായ മനുഷ്യരുടെയും കണ്ണുകള്‍ എന്നെ പിന്തുടര്ന്നു. എന്റെ കുഴിമാടത്തോളം അവയെന്റെ പിന്നാലെയുണ്ടാകുമെന്ന് എനിക്കറിയാം.''

തന്നെ ഏറ്റവുമധികം വേദനിപ്പിച്ച സംഭവം അദ്ദേഹം ഓര്‍ക്കുന്നു: "ഒരിക്കല്‍ ഒരു നാസി ഡോക്ടര്‍ എന്നെ അയാളുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിപ്പിച്ചു. ഒരു തടവുകാരന്റെ പുറത്ത് വേറൊരു തടവുകാരന് ആദത്തിന്റെയും ഹവ്വയുടെയും ചിത്രം പച്ചകുത്തിയതിന്റെ ഫോട്ടോ എടുക്കണം. ചിത്രം പകര്‍ത്തിയശേഷം എന്റെ മുറിയിലേക്ക് മടങ്ങി.
ഒരു മണിക്കൂറിനുള്ളില്‍ എന്നെത്തേടി വീണ്ടും ആളെത്തി. ഞാന്‍ ക്യാമ്പിലെ ഡോക്ടറുടെ കാബിനിലെത്തി. അയാള്‍ എന്നെ തന്റെ പരീക്ഷണ മുറിയിലേക്ക് കൊണ്ടുപോയി. ദൈവമേ... എന്റെ നട്ടെല്ലിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു. ഞാന്‍ എടുത്ത ആദത്തിന്റെയും ഹവ്വയുടെയും ചിത്രം ആ മനുഷ്യന്റെ തോലോടെ ഉരിഞ്ഞെടുത്ത് മേശപ്പുറത്ത് വിരിച്ചിരിക്കുന്നു.
കൊന്നശേഷം തോലുരിഞ്ഞ ശവം മേശക്കടിയില്‍ കിടക്കുന്നു...'' നിന്റെ ഫോട്ടോ എനിക്ക് ഇഷ്ടമായി. ഈ പടം എനിക്ക് ചില്ലിട്ട് എന്റെ മുറിയില്‍ സൂക്ഷിക്കണം.'' കൂസലില്ലാതെ നാസി ഡോക്ടര്‍ പറഞ്ഞു. എന്റെ കാല്ച്ചുവട്ടില് ഭൂമി തെന്നി മാറി, ഞാന്‍ മരവിച്ച് നിന്നു.'

കൊല്ലാന്‍ കൊണ്ടുവന്ന മനുഷ്യരുടെ ചിത്രം മാത്രമല്ല, നാസി ഡോക്ടര്‍മാര്‍ യഹൂദ സ്ത്രീകളുടെയും കൊച്ചുകുട്ടികളുടെയും ശരീരത്തില്‍ നടത്തിയ കാടന്‍ പരീക്ഷണങ്ങളുടെയും ഫോട്ടോയെടുക്കാന്‍ ബ്രെയ്സി നിര്‍ബന്ധിതനായി. പരീക്ഷണങ്ങള്‍ ഇവയായിരുന്നു, മരവിപ്പിക്കാതെ ശരീരത്തിലെ അവയവങ്ങള്‍ പിഴുതെടുക്കുക, നെഞ്ചു പിളര്‍ന്ന് പിഴുതെടുക്കുന്ന ഹൃദയത്തിന്റെ മിടിപ്പ് കണക്കാക്കുക, ഒരാളുടെ ശരീര അവയവങ്ങള്‍ വേറെ മനുഷ്യരിലേക്ക് പറിച്ച് നടുക, നഗ്നരായി മനുഷ്യരെ മഞ്ഞില്‍ നിര്‍ത്തി മരണപ്പെടുന്ന സമയം കണക്കാക്കുക എന്നിവ അവയില്‍ ചിലത് മാത്രം.
ഗര്‍ഭിണികളിലും കുട്ടികളിലും ഇതിലും ഹീനമായ പരീക്ഷണങ്ങള്‍ നടത്തപ്പെട്ടു, പ്രത്യേകം തയാറാക്കിയ യന്ത്രത്തിനകത്ത് മനുഷ്യന്റെ ശിരസ് ചെറുതാക്കുക. വിവരിക്കാന്‍ പറ്റാത്ത പല പരീക്ഷണങ്ങളും നാസി ഡോക്ടര്‍മാര്‍ യഹൂദ സ്ത്രീകളില്‍ നടത്തി. പല അവസരങ്ങളിലും ഇരകളായ പെൺകുട്ടികള്‍ ബ്രെയ്സിയെ പ്രതീക്ഷയോടെ ഉറ്റുനോക്കി. കാമറയും കൈയിലേന്തി അയാള്‍ നിസഹായനായി നിന്നു, പിന്നെ തന്റെ മുറിയില്‍ പോയി ആരും കാണാതെ കരഞ്ഞു.
പോളണ്ട് സ്വദേശിയായ വില്‍ഹം ബ്രെയ്സി ഇരുപതാം വയസിലാണ് നാസികളുടെ കൈയില്പെടുന്നത്. പോളണ്ടില്‍ നിന്നും ഹംഗറിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ അതിര്‍ത്തിയില്‍ വെച്ച് നാസി രഹസ്യപോലീസായ ഗൊസ്റ്റപ്പോയുടെ പിടിയിലായി. അവര്‍ അവനെ നിര്‍ബന്ധിത തൊഴിലിനായി ഓഷ്വിറ്റ്സിലെ ക്യാമ്പിലേക്ക് കൊണ്ടുവന്നു.
ഫോട്ടോഗ്രാഫിയില്‍ ബ്രെയ്സിയുടെ പ്രാവീണ്യം മനസിലാക്കിയ ക്യാമ്പിന്റെ തലവന്‍
റുഡോള്‍ഫ് ഹോസ് പറഞ്ഞു: "നീ ക്യാമ്പിലെത്തുന്ന തടവുകാരുടെ തിരിച്ചറിയല്‍ കാര്‍ഡിനുള്ള ഫോട്ടോ എടുക്കണം, സാധ്യമല്ലെങ്കില്‍ ഇപ്പോള്‍ പറയണം.' ക്രൂരനായ നാസി കമാൻഡറുടെ സന്ദേശം ബ്രെയ്സിക്ക് മനസിലായി. ഫോട്ടോയെടുക്കാന്‍ തയാറല്ലെങ്കില്‍ ശിക്ഷ മരണമായിരിക്കും. ജീവന് രക്ഷിക്കാന്‍ ബ്രെയ്സി നാസികളെ അനുസരിച്ചു. നാസികള്‍ ബ്രെയ്സിയുടെ കൈയില്‍ ചാപ്പകുത്തി പോളണ്ട്കാരന്‍ തടവുകാരന് നമ്പര്‍-3444.
ഫോട്ടോഗ്രാഫിയിലെ പ്രാവീണ്യമാണ് നാസികളില്‍ നിന്നും അയാളുടെ ജീവന് രക്ഷിച്ചത്. എന്നാല്‍ താന്‍ ഏറ്റവും താത്പര്യത്തോടെ തെരഞ്ഞെടുത്ത തൊഴില്‍ പിന്നീട് അയാളുടെയും ലോകം മുഴുവന്റേയും നൊമ്പരമായി. ബ്രെയ്സി പകര്‍ത്തിയ നാസി തടവുകാരുടെ ചിത്രങ്ങള്‍ ലോകത്തിന്റെ ഉറക്കം കൊടുത്തി. ഒപ്പം മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിയുടെ സ്വയം സംസാരിക്കുന്ന നാവുകളായി അവ. കറുപ്പും വെളുപ്പിലും ചിത്രീകരിച്ചതായിരുന്നു ആ പടങ്ങള്‍. നാസികളുടെ ക്രൂരതയുടെ തെളിവ് മാത്രമല്ല നാസികളില്‍ പ്രമുഖരെക്കുറിച്ചും ആ ചിത്രങ്ങള്‍ തെളിവുകളായി.

1945 ജനുവരിയിൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യപാദത്തില്‍ റഷ്യയുടെ ചെമ്പട തങ്ങളെ വളയുന്നു എറിഞ്ഞ നാസികള്‍ ഫോട്ടോകളും അവയുടെ നെഗറ്റീവ് ഫിലിമുകളും കത്തിച്ചുകളയാന്‍ ഉത്തരവിട്ടു. നാളെ ചരിത്രത്തിന്റെ നാവുകളാകും ഈ ചിത്രങ്ങള്‍ എന്ന് തിരിച്ചറിഞ്ഞ ബ്രെയ്സി പ്രധാനപ്പെട്ട ഫോട്ടോകളും അവയുടെ നെഗറ്റീവ് ഫിലിമും പ്ലാസ്റ്റിക്ക് ബാഗിലാക്കി മണ്ണില്‍ കുഴിച്ചിട്ടു. കുറെ ഫോട്ടോകള്‍ നെഗറ്റീവ് സഹിതം കത്തിച്ചു.
യുദ്ധത്തിനുശേഷം തങ്ങളെ രക്ഷിച്ച റഷ്യയുടെയും അമേരിക്കയുടെയും സൈനികരുടെ സഹായത്തോടെ അവയെല്ലാം വീണ്ടെടുത്തു. സഖ്യസൈന്യങ്ങളുടെ ഫോട്ടോ ലാബില്‍ ആ നെഗറ്റീവ് ഫിലിമുകള്‍ ബ്രോമൈഡ് പേപ്പറില്‍ ജീവന്‍പൂണ്ടു, അങ്ങനെ 60 ദശലക്ഷം മനുഷ്യരുടെ മായാത്ത ചോരപ്പാടുകള്‍ എക്കാലവും ഓര്‍മ്മിക്കുന്ന ചരിത്രമായി. അവ ലോകത്തെ ഭയപ്പെടുത്തി, പിന്നെ കരയിച്ചു.
മനുഷ്യന് മനുഷ്യനോട് ഇത്ര ക്രൂരത കാട്ടാന്‍ പറ്റുമോ. ഒളിവില്‍പ്പോയ നാസികളെ തിരിച്ചറിയാന്‍ ഇസ്രായേലിന്റെ ചാരസംഘടന മൊസാദിന് സഹായകമായി പല ചിത്രങ്ങളും. പോളണ്ടിലെ ബ്രിക്ക്നൗവിലെ മുഖ്യ തടങ്കല്‍പാളയം നയിച്ച നാസി പട്ടാള മേധാവി റുഡോള്‍ഫ് ഐച്ച്മാനെയും, ഗ്യസ്ചേംബര് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത ഹെൻറിച്ച് ഹിംമ്ലറേയും തിരിച്ചറിയാനും, ജീവനോടെ പിടികൂടാനും ഈ ചിത്രങ്ങള്‍ സഹായിച്ചു.
യൂറോപ്പിലെ യഹൂദര്‍ നാസി ഹണ്ടേഴ്സ് (നാസി വേട്ടക്കാര്‍) എന്ന പേരില്‍ രഹസ്യ സംഘടനയ്ക്ക് സഖ്യസൈന്യത്തിന്റെ കൈയില്‍ പെടാത്ത നാസികളെ പിടികൂടാനും ബ്രെയ്സിയുടെ ചിത്രങ്ങള്‍ സഹായിച്ചു. ഹിറ്റ്ലറും കൂട്ടാളികളും കൊന്നൊടുക്കിയ സാധുക്കളോട് അത്രയെങ്കിലും നീതി ചെയ്യാന്‍ ബ്രെയ്സിക്ക് സാധിച്ചു.
നാസികളുടെ തടവില്‍ നിന്നും മോചിതനായശേഷം തന്റെ പ്രിയപ്പെട്ട തൊഴില്‍ ബ്രെയ്സി ഉപേക്ഷിച്ചു. പിന്നീട് ജീവിതത്തില്‍ ഒരിക്കലും അദ്ദേഹം കാമറ കൈയിലെടുത്തില്ല. ഉപജീവനത്തിനായി സോസേജ് നിര്‍മ്മിക്കുന്ന ചെറിയ യൂണിറ്റ് സ്ഥാപിച്ചാണ് കുടുംബം പുലര്‍ത്തിയത്. കാമറ കാണുമ്പോള്‍ താന്‍ പകര്‍ത്തിയ ചിത്രങ്ങളും അവയിലെ മുഖങ്ങളും ഓര്‍മയിലേക്ക് വരും. അവ അദ്ദേഹത്തെ ഭീതിപ്പെടുത്തും.

ഔഷ്വിറ്റ്സിലെ ജീവിതം ശപിക്കപ്പെട്ടതായി കരുതിയെങ്കിലും നാസി പീഡനങ്ങളുടെ കരളലിയിക്കുന്ന കഥ ലോകത്തെ അറിയിച്ച ബ്രെയ്സിയെ ലോകം ഹീറോയായി കണ്ടു. ബ്രെയ്സിയുടെ കാമറ നാസി ചരിത്രത്തിന്റെ ഏറ്റവും വലിയ തെളിവായി. രണ്ട് വര്‍ഷത്തിനുള്ളില്‍ അരലക്ഷം പേരുടെ ചിത്രങ്ങളാണ് അദ്ദേഹം പകര്‍ത്തിയത്. അവരിലാരും പിന്നീട് ലോകം കണ്ടില്ല എന്ന വേദന അദ്ദേഹത്തെ മരണത്തോളം പിന്തുടര്ന്നു.
ക്യാമ്പ് മോചിപ്പിച്ച ശേഷം, ക്യാമ്പുകൾ, അനേകം മനുഷ്യരെ കൊന്ന ഗ്യാസ് ചേംബറുകള്‍, മറവുചെയ്യാത്ത എണ്ണമറ്റ ശവക്കൂനകള്‍ എന്നിവയുടെ ചിത്രമെടുക്കാന്‍ സഖ്യസൈന്യത്തിന്റെ തലവന്‍ അമേരിക്കാരന്‍ ഡേവിഡ് ഐസനോവര്‍ ഫിലിം നിര്‍മ്മാതാക്കളായ കൊഡാക്കിന്റെ കമ്പനിയിലേക്ക് പ്രത്യേക വിമാനത്തില്‍ തന്റെ ഫോട്ടോഗ്രാഫറെ അയച്ചാണ് ഫിലിം വരുത്തിയത്. നാളെ ഇതൊന്നും നടന്നിട്ടില്ലെന്ന് ആരെങ്കിലും പറയും അത് അനുവദിച്ചുകൂടാ.

94-ാം വയസില്‍ മരിക്കുന്നതിന് മുമ്പ് പോളണ്ട് ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ ബ്രെയ്സി പറഞ്ഞു, " ഇനിയൊരിക്കലും മനുഷ്യന് മനുഷ്യനെ കൊല്ലാതിരുന്നെങ്കില്‍, അതിന് ഈ ചിത്രങ്ങള്‍ പ്രചോദനമായെങ്കില്‍ എന്റെ ജീവിതം അര്‍ഥവത്താകും.'
മനുഷ്യന് ഉള്ളിടത്തോളം കാലം ഈ ചിത്രങ്ങള്‍ ലോകത്തോട് പറയും, അരുത് കൊല്ലരുത്.
തയാറാക്കിയത്: ജോണ്‍ മാത്യു, ഫോട്ടോഗ്രാഫര്‍, ദീപിക ഡല്‍ഹി ബ്യൂറോ.