43 ദിവസം, 3,300 കിലോമീറ്റര്‍ ദൂരം! 72-ാം വയസില്‍ മൂന്നാം ലോക റിക്കാര്‍ഡ് തീര്‍ത്ത് ലിനിയ
Monday, July 11, 2022 4:53 PM IST
43 ദിവസത്തിനുള്ളില്‍ സൈക്കിളില്‍ അമേരിക്ക ചുറ്റിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ലിനിയ സാല്‍വോ എന്ന 72കാരി.
അമേരിക്കന്‍ കാനഡ അതിര്‍ത്തിയിലെ പീസ് ആര്‍ക്കില്‍ നിന്ന് യാത്ര ആരംഭിച്ച ലിനിയ 43 ദിവസത്തിനുള്ളില്‍ കാലിഫോര്‍ണിയയിലെ സാന്‍ യസീഡ്രയില്‍ എത്തിയതായി ഗിന്നസ് വേള്‍ഡ് അധികൃതര്‍ സ്ഥിരീകരിച്ചു. 3,300 കിലോമീറ്ററിലധികമാണ് ഈ അമേരിക്കന്‍ വനിത പിന്നിട്ടത്.
മുമ്പും രണ്ട് ഗിന്നസ് റിക്കാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ആളാണ് ലിനിയ. 67-ാം വയസില്‍ സൈക്കിളില്‍ അമേരിക്ക ചുറ്റിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റിക്കാര്‍ഡാണ് ലിനിയ ആദ്യം സ്വന്തമാക്കിയത്. സൈക്കിളില്‍ കാനഡ ചുറ്റിയ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റിക്കാര്‍ഡും അവരുടെ പേരിലാണ്.
തന്‍റെ യാത്ര യുഎസിലെയും കാനഡയിലെയും സമാധാന ചിഹ്നങ്ങളുടെ ജിപിഎസ് ഇമേജ് സൃഷ്ടിക്കുന്നതിനുള്ള ഒരു വലിയ പദ്ധതിയുടെ ഭാഗമാണെന്ന് അവര്‍ പറഞ്ഞു. യാത്ര ലോകസമാധാനത്തിനായി മാത്രമല്ല അകാലത്തില്‍ മരിച്ച തന്‍റെ സഹോദരന്‍ ജോണ്‍ തോമസ് വെസ്റ്റിന് കൂടി വേണ്ടിയാണെന്നും ലിനിയ പറഞ്ഞു.
ആര്‍ട്ടിക് സര്‍ക്കിളില്‍ നിന്ന് മെഡിറ്ററേനിയന്‍ കടല്‍ ഭാഗത്തേയ്ക്ക് സൈക്കിള്‍ ചവിട്ടുക എന്നതാണ് തന്‍റെ അടുത്ത ലക്ഷ്യമെന്നും അതിനായുള്ള തയ്യാറെടുപ്പിലാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.